ട്രാൻസ്ജെന്റർ പങ്കാളികളായ കോഴിക്കോട് ഉമ്മണത്തൂരിലെ സിയക്കും സഹദിനും കുഞ്ഞ് പിറന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു പ്രസവ ശസ്ത്രക്രിയ. സഹദും കുഞ്ഞും സുഖമായിരിക്കുന്നു എന്നും കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്താൻ താല്പര്യമില്ലെന്നും മാതാവ് സിയ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെന്റ് പിതാവായിരിക്കുകയാണ് സഹദ്. സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ വ്യക്തിയാണ് സഹദ്. പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ ആളാണ് സിയ.
കുഞ്ഞിനെ ദത്ത് എടുക്കുവാൻ അന്വേഷിച്ചു എങ്കിലും ട്രാൻസ്ജെന്റർ പങ്കാളികൾക്ക് മുമ്പിൽ നിയമ നടപടികൾ വെല്ലുവിളിയായി. തുടർന്നാണ് പുരുഷനായി മാറിയെങ്കിലും സഹദ് ഗർഭം ധരിക്കാം എന്ന ആശയത്തിലേക്ക് എത്തുന്നത്. ആളുകൾ എന്ത് പറയുമെന്ന് ആശങ്കയിൽ ആദ്യം മടി തോന്നി എന്ന് സഹദ് മുമ്പ് പറഞ്ഞിരുന്നു.
ഒപ്പം ഒരിക്കൽ ഉപേക്ഷിച്ച സ്ത്രീത്വത്തിലേക്കുള്ള തിരിച്ച് പോക്കും വെല്ലുവിളിയായി. എന്നാൽ സിയയുടെ സ്നേഹവും അമ്മയാകാനുള്ള അടങ്ങാത്ത ആഗ്രഹവും സഹദിന്റെ തീരുമാനത്തെ മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിതക്തപരിശോധനകൾ നടത്തി ആരോഗ്യ പ്രശ്‌നമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ചികിത്സ ആരംഭിച്ചത്.
സിയയിൽ നിന്നാണ് സഹദ് ഗർഭം ധരിച്ചത്. സ്ത്രീയിൽ നിന്നും പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും ഗർഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. കുഞ്ഞിന് മിൽക്ക്ബാങ്ക് വഴി മുലയൂട്ടാനാണ് തീരുമാനം. നർത്തകിയാണ് സിയ. സ്വകാര്യ സ്ഥാപനത്തിലെ ആക്കൗണ്ടന്റാണ് സഹദ്.