ജയറാമിൻ്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ. ഈ ചിത്രത്തിലെ ആവണി പൊന്നൂഞ്ഞാൽ പാട്ട് പാടാത്ത മലയാളികളില്ലെന്ന് തന്നെ പറയാം. രാജസേനന് സംവിധാനം ചെയ്ത ഈ കുടുംബ ചിത്രം 1998ലാണ് പുറത്തിറങ്ങിയത്. ഈ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനയത്രിയാണ് ശ്രുതി. നായികാ പ്രാധാന്യമുള്ള ചിത്രമായതിനാൽ തന്നെ മലയാളത്തില്‍ വേറെയും ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ശ്രുതി അറിയപ്പെട്ടത് ഈ കഥാപാത്രത്തിലൂടെ തന്നെയാണ്. ഡോക്ടർ അമ്പിളിയായി ചിത്രത്തിലെത്തിയപ്പോൾ ഈ നടി മലയാളിയല്ലെന്ന് ആരും പറയില്ല. എന്നാൽ കന്നടക്കാരിയായ പ്രിയദർശിനിയാണ് ശ്രുതിയായി മാറിയത്.
ശ്രുതി അഭിനയ ജീവിതം തുടങ്ങിയത് 1989-ൽ സ്വന്തമെന്ന് കരുതി എന്ന മലയാളം സിനിമയിലൂടെയാണ്. എന്നാൽ ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് കന്നടയിൽ നിരവധി അവസരങ്ങൾ ലഭിച്ച ശ്രുതി അവിടുത്തെ താരമായി മാറി. ഇതിനിടെ ഒരാൾ മാത്രം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രുതി വീണ്ടും മലയാള സിനിമയിലേക്ക് വന്നത്. പിന്നീട് കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന ചിത്രത്തിൽ ജയറാമിൻ്റെയും നായികയായി. ഇതോടെ മലയാളികൾക്ക് പ്രിയപ്പെട്ടവളായി ശ്രുതി മാറി. മലയാളിത്വം കൊണ്ട് ശ്രുതി മലയാളിയാണെന്നാണ് ഇന്നും പലർ കരുതുന്നത്. സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് എന്ന സിനിമയിൽ കൊച്ചിൻ ഹനീഫയുടെ നായികയായി എത്തിയ ശ്രുതി പിന്നീട് ഇളവൻകോട് ദേശം, സ്വന്തം മാളവിക, ബെൻ ജോൺസൺ, മാണിക്യം, ശ്യാമം, സൈറ എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ മികച്ച റോളുകൾ പിന്നീട് കിട്ടിയില്ലെങ്കിലും, കന്നടയിലും തമിഴിലും തിളങ്ങി. കന്നടയില്‍ നൂറോളം സിനിമകളിലും കുറച്ച് ടിവി സീരിയലുകളിലും താരം അഭിനയിക്കുകയും മികച്ച നടിയ്ക്കുള്ള മൂന്ന് കര്‍ണാടക സംസ്ഥാന പുരസ്കാരവും നാല് ഫിലിം ഫെയര്‍ പുരസ്കാരങ്ങളും സ്വന്തമാക്കുകയും ചെയ്തു.