കൊച്ചി നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന 22 വയസുകാരി

കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന 22 വയസുകാരി ഡെലീഷ എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ഇരുമ്പനത്തു നിന്ന് ടാങ്കറും നിറച്ച് നൂറു കണക്കിന് കിലോമീറ്ററുകളും താണ്ടി വീടിന്റെ മുറ്റത്ത് വന്ന് ബ്രേക്കിട്ട് നിര്‍ത്തിയിരുന്ന അച്ഛനാണ് ഡെലീഷയുടെ ഹീറോ. കാരണം, മറ്റൊന്നുമല്ല, ടൂ വീലറില്‍ തുടങ്ങി ഫോര്‍ വീലറും ഹെവിയും പാസായി പുഷ്പം പോലെ ടാങ്കര്‍ ലോറി ഓടിക്കുന്ന ഡെലീഷയെ അതിനു പ്രാപ്തയാക്കിയതും ആ ഇഷ്ടം തിരിച്ചറിഞ്ഞതും അച്ഛന്‍ ഡേവിസ് തന്നെയായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എല്ലാം പെണ്‍കുട്ടികളേയും പോലെ സ്‌കൂട്ടിയില്‍ തുടങ്ങിയത്. അച്ഛന്റെ ഡ്രൈവിംഗ് കമ്പം എന്റെ ജീനിലും ഉണ്ടെന്ന് 9-ാം ക്ലാസ് എത്തിയപ്പോഴേക്കും ഉറപ്പിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന അംബാസിഡറില്‍ ഡ്രൈവിംഗ് സ്വായത്തമാക്കി.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ടാങ്കര്‍ ലോറി ഡ്രൈവറായിരുന്ന അച്ഛന്റെ പാര്‍ട് ടൈം കിളിയായ ചാര്‍ജെടുത്തുവെന്ന് തമാശയോടെ ഡെലീഷ പറയുന്നു. കൊച്ചി ഇരുമ്പനത്തെ പ്ലാന്റില്‍ നിന്ന് തൃശൂരിലേക്കെത്തുമ്പോള്‍ കിളിയുടെ റോളില്‍ ഡെലീഷ കയറിത്തുടങ്ങി. കിളിയില്ലാത്ത വണ്ടിയിലെ പകരക്കാരി. അന്ന് ഒരുപാട് കാര്യങ്ങള്‍ അച്ഛനില്‍ നിന്നു പഠിച്ചു. മറ്റുള്ള വണ്ടികളെ പോലെയല്ല ടാങ്കര്‍ ലോറി. അധികം സ്പീഡില്‍ പോകാന്‍ പറ്റില്ല. സഡന്‍ ബ്രേക്കിംഗ് പറ്റില്ല. പിന്നെ അശ്രദ്ധ സംഭവിച്ചാല്‍ തീ പിടിക്കാനുള്ള സാധ്യത.

അങ്ങനെ കുറേ കാര്യങ്ങള്‍. മറ്റുള്ള വണ്ടികള്‍ പുഷ്പം പോലെ നമ്മളെ ഓവര്‍ടേക്ക് ചെയ്യുന്നതു കണ്ടപ്പോഴാണ് സംശയങ്ങള്‍ ഇരട്ടിച്ചത്. അന്നു മറുപടി കിട്ടിയ പലതും മനസിലായില്ലെങ്കിലും ഡ്രൈവിംഗ് പാഷനായി മാറുകയായിരുന്നു.ടാങ്കര്‍ ലോറിയുടെ ഭാഗമാകാന്‍ ഹെല്‍പര്‍ പാസ് നേടുക എന്നതായിരുന്നു ആദ്യ കടമ്പ. എങ്ങനെ ലോഡ് നിറയ്ക്കണം, അപകടമുണ്ടായാല്‍ എന്തു ചെയ്യണം, മറ്റ് മുന്‍കരുതലുകള്‍ എല്ലാം ഈ കടമ്പയിലൂടെ പഠിച്ചെടുക്കണം. അതു നേടിയ ശേഷമാണ് ഡ്രൈവിംഗ് സീറ്റിലേക്ക് കണ്ണെറിഞ്ഞത്. പേടിയില്ലേ എന്നാണ് ആദ്യമേ പലരും ചോദിച്ചത്. അച്ഛന്റെ ഒപ്പമിരുന്ന് പഠിച്ചതു കൊണ്ടാകണം അത്തരം പേടിയൊക്കെ പോയി.

അപ്പച്ചന്‍ പകര്‍ന്നു തന്ന ബാലപാഠങ്ങളോടെ ഡ്രൈവിംഗ് സീറ്റില്‍ അമര്‍ന്നിരിക്കുമ്പോഴും ആത്മവിശ്വാസം ഇരട്ടിച്ചതല്ലാതെ പേടിച്ചില്ല. ഓടിക്കുമ്പോ ഇതിനെന്തേ സ്പീഡ് ഇല്ലാത്തത് എന്ന് ചിന്തിച്ചു. പക്ഷേ ടാങ്കര്‍ ലോറിയെ അടുത്തറിഞ്ഞതു കൊണ്ടു തന്നെ ആ സംശയം വേഗം മാറി. അപകട വണ്ടികളെന്നു വിശേഷിപ്പിക്കുന്ന ഹസാഡ്സ് ലൈസന്‍സും സ്വായത്തമാക്കി. പിന്നീടങ്ങോട്ട് ഡ്രൈവറായ അച്ഛനെ കിളിയാക്കി ഡെലീഷ ഒഫീഷ്യല്‍ ഡ്രൈവറായി. ലോഡു കൊണ്ടുപോകുന്നതിനിടെ മറക്കാനാകാത്ത അനുഭവങ്ങളുമുണ്ട്.

പെണ്‍ ഡ്രൈവറെ കണ്ട് പോലീസുകാര്‍ വട്ടം ചുറ്റിയെത്തിയതും ഹെവി ലൈസന്‍സും ഹസാഡ്സ് ലൈസന്‍സും കാണിച്ചപ്പോള്‍ അമ്പരന്നു പോയ പോലീസുകാരും ഉണ്ടെന്ന് ഡെലീഷ പറയുന്നു. ടെസ്റ്റ് എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവറായി കയറണം എന്നാണ് ആഗ്രഹം. ഇതിനിടയ്ക്ക് വോള്‍വോ ബസിന്റെ ലൈസന്‍സും എടുക്കണം എന്നുണ്ട്. എംകോം ഫിനാന്‍സിലാണ് ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. രണ്ട് സഹോദരിമാരാണ്, ചേച്ചി ശ്രുതി, അനിയത്തി സൗമ്യ. ട്രീസയെന്നാണ് അമ്മയുടെ പേര്.

Leave a Reply

Your email address will not be published. Required fields are marked *