രക്ഷിതാക്കൾ വഴക്കു പറഞ്ഞു, പിണങ്ങിയ ബാലൻ ഭൂമിക്കടിയിൽ തീർത്തത് ഒരുഗ്രൻ വീട്.

മാതാപിതാക്കൾ വഴക്കു പറയുന്നത് സർവ്വസാധാരണമാണ്. എന്നാൽ ചില കുട്ടികൾക്ക് വലിയ വിഷമമുണ്ടാക്കാറുണ്ട്. ഓരോ കുട്ടികളും പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. എന്നാൽ സ്പെയ്നിലുള്ള 14 വയസ്സുള്ള കുട്ടി ചെയ്തത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഗ്രാമത്തിലേക്ക് പോവാൻ ഒരുങ്ങിയ ആൻഡ്രസ് കാൻ്റൊ ട്രാക്ക് സ്യൂട്ട് ധരിച്ച് പോവാൻ തീരുമാനിച്ചു. എന്നാൽ ഈ വസ്ത്രം ധരിച്ച് ഗ്രാമത്തിൽ പോവേണ്ടെന്ന് രക്ഷിതാക്കൾ കർശനമായി പറഞ്ഞു. ഗ്രാമത്തിൽ കറങ്ങാൻ ഈ വസ്ത്രം തന്നെ ധരിച്ചു പോവണമെന്ന് അവൻ വാശിപിടിച്ചു. അവൻ്റെ വാശിയൊന്നും രക്ഷിതാക്കളുടെ അടുത്ത് ചിലവായില്ല.

ദേഷ്യം പിടിച്ച അവൻ എവിടെയും പോവുന്നില്ലെന്ന് പറഞ്ഞ് വീടിൻ്റെ പിറക് വശത്തേക്ക് പോയി.അവിടെ അവൻ ഒരു കുഴിയെടുത്തു. ദേഷ്യത്തിൽ തുടങ്ങിയതാണെങ്കിലും അവന് അതിനോട് താത്പര്യം തോന്നി. പിന്നീട് വരും ദിവസങ്ങളിലെല്ലാം അവൻ ഇത് ആവർത്തിച്ചു. ഇങ്ങനെ കുഴിയെടുക്കുന്നത് തുടങ്ങിയിട്ട് ആറു വർഷം പിന്നിടുമ്പോൾ അവൻ സ്പെയ്നിൽ അലികാൻ്റയിൽ അവന് സ്വന്തമായി ഒരു ഭൂഗർഭ ഗുഹയാണ് ലഭിച്ചത്. ഇത് കാണുമ്പോൾ അവന് അഭിമാനമാണ് തോന്നുന്നത്. ക്ലാസ് കഴിഞ്ഞ് വന്നാൽ അവൻ ഈ ഗുഹയിൽ പോയി ഇരിക്കും. അപ്പോൾ അവന് ഇത് കൂടുതൽ വിശാലമാക്കണമെന്ന് തോന്നി. അതിനു ശേഷം അവൻ തൻ്റെ സുഹൃത്തിൻ്റെ കൂടെ മണ്ണെടുത്തു തുടങ്ങി.

പിന്നീട് അത് വലിയൊരു ഭൂഗർഭഗൃഹയായി മാറി.കാൻ്റോയും സുഹൃത്തും അവധി ദിവസങ്ങളിൽ 14 മണിക്കൂറോളം ഈ ജോലിയിൽ ഏർപ്പെട്ടു. എന്നാൽ ജോലി കുറച്ച് എളുപ്പമാവാൻ അവർ ന്യൂമാറ്റിക് ഡ്രിൽ ഉപയോഗിച്ച് കുഴിച്ച് തുടങ്ങി. താമസിയാതെ അവർ അവിടെ കിടപ്പുമുറിയും ഇരിപ്പിടവും ഒരുക്കി വച്ചു. ഇടിഞ്ഞു വീഴാതിരിക്കാൻ അവൻ കമാന കവാടങ്ങളും നിരകളാൽ ഉറപ്പിച്ച മേൽക്കൂരകളും പണിതു.ഈ ഗുഹ നിർമ്മിക്കാൻ 50 യുറോ വേണ്ടി വന്നെന്ന് അവൻ പറയുന്നു. ഗുഹയിൽ താമസിക്കാനുള്ള സൗകര്യമൊരുക്കിയതിനാൽ അവിടെ മൊബൈൽഫോൺ, വൈദ്യുതി, ഹീറ്റർ, വൈ-ഫൈ തുടങ്ങിയവയും ഒരുക്കി വച്ചു. പക്ഷേ മഴ പെയ്യുമ്പോൾ ഇവിടുത്തെ വാസം ബുദ്ധിമുട്ടാണെങ്കിലും തൻ്റേതായ ഒരു സ്വകാര്യ ഇടം ഒരുക്കാൻ സാധിച്ചതിനാൽ അഭിമാനമുണ്ടെന്നും കാൻ്റോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *