മലർ മിസ്സിന്റെ ആ രഹസ്യം 6 വർഷത്തിന് ശേഷം വെളിപ്പെടുത്തി സംവിധായകൻ അൽഫോൺസ് പുത്രൻ

മലയാളി മനസ്സിൽ ഇന്നും തെളിഞ്ഞു നിൽക്കുന്ന ചിത്രമാണ് നിവിൻ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്‍ത ‘പ്രേമം’. സിനിമ കണ്ട എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നത് ഒരേ ഒരു ചോദ്യമായിരുന്നു. മലരിന് ഓർമ്മ തിരിച്ചു കിട്ടിയിരുന്നുവോ ?എന്ന്. ഇപ്പോഴിതാ ആർ വർഷത്തോളം മലയാളികൾ ചോദിച്ചുകൊണ്ടിരുന്നു സംശയത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രൻ.

സോഷ്യൽ മീഡിയയിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് സംവിധായകൻ അൽഫോൻസ് പുത്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്.സ്റ്റീവൻ മാത്യു എന്നയാളാണ് ചോദ്യം ചോദിച്ചത്. ഒരു സംശയം എന്നു പറഞ്ഞുകൊണ്ടാണ് സ്റ്റീവന്റെ ചോദ്യം ആരംഭിക്കുന്നത്. ‘പ്രേമത്തിൽ, ജോർജിനോട് ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മലർ ഒടുവിൽ പറയുന്നു.

മൂന്നു തവണ സിനിമ കണ്ടതിനു ശേഷം ഞങ്ങൾ ആശയക്കുഴപ്പത്തിലാണ്. അവർക്ക് ശരിക്കും ഓർമ നഷ്ടപ്പെട്ടോ? അതോ മനഃപൂർവം അവനെ ഒഴിവാക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ടോ? അതോ അടുത്തിടെ ഓർമ തിരികെ ലഭിച്ച അവൾ ജോർജ് വിവാഹിതനാകുന്നതിനാൽ ജോർജിനോട് അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലേ? ഉത്തരത്തിനായി എന്റെ സുഹൃത്തുമായി ഞാൻ 100 രൂപയുടെ പന്തയം വെച്ചിരിക്കുകയാണ്’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഏതായാലും സ്റ്റീവൻ പന്തയത്തിൽ ജയിച്ചു. കാരണം സ്റ്റീവന്റെ ചോദ്യം നൂറ് ശതമാനം ശരിവയ്ക്കുന്നതായിരുന്നു അൽഫോൻസിന്റെ മറുപടി.

”അവളുടെ ഓർമ നഷ്‍ടപ്പെട്ടു. ഓർമ തിരിച്ചു കിട്ടിയപ്പോൾ അവൾ അറിവഴകനുമായി സംസാരിച്ചിരിക്കും. അവിടെ എത്തിയപ്പോൾ സെലിനുമൊത്ത് ജോർജ് സന്തോഷവാനാണെന്ന് അവൾക്ക് തോന്നിയിരിക്കും. കൈ കൊണ്ട് ‘സൂപ്പർ’ എന്ന് പറഞ്ഞതിൽ നിന്നും മലരിന് ഓർമ തിരിച്ചു കിട്ടിയെന്ന് ജോർജിനും മനസിലായി. എന്നാൽ ഇത് സംഭാഷണങ്ങളിൽ പറയുന്നില്ല. എന്നാൽ, ഇത് ആക്‌ഷൻസിലൂടെയും വയലിനു പകരം ഹാർമോണിയത്തിന്റെ സംഗീതം ഉപയോഗിച്ചും കാണിക്കുന്നുണ്ട്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള അവസാന ഉത്തരം ഇതാണ്, അടുത്തിടെ മലരിന് ഓർമ തിരികെ ലഭിച്ചുവെന്നായിരുന്നു” അല്‍ഫോണ്‍സ് പുത്രന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *