മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് മണിക്കൂറുകൾക്കകം സ്മാർട്ട് ഫോണുമായി പൊലീസ് മാമന്മാർ വീട്ടിലെത്തിയെപ്പോൾ ഇഹ്സാനക്ക് സന്തോഷം അടക്കാനായില്ല. ചൂർണിക്കര എസ്.പി.ഡബ്ളിയു സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഇഹ്സാന കമ്പനിപ്പടി എളങ്ങാപ്പുറം മനക്കപ്പറമ്പിൽ മുഹമ്മദ് സത്താറിന്റെയും ഷെക്കീലയുടെയും മകളാണ്.നാല് വർഷത്തോളമായി ഷെക്കീലയും മകളും മാത്രമാണ് വീട്ടിലുള്ളത്. ഇഹ്സാന പഠിക്കാൻ മിടുക്കിയാണ്. ബന്ധുക്കളുടെയും അയൽവാസികളുടെയുമെല്ലാം സഹായത്തോടെയാണ് ജീവിക്കുന്നത്. ആകെയുണ്ടായിരുന്ന ഷെക്കീലയുടെ മൊബൈൽ ഫോൺ തകരാറിലായി. നന്നാക്കണമെങ്കിൽ 5,000 രൂപയിലേറെ വേണ്ടിവരുമെന്നതിനാൽ നടന്നില്ല.
ഇന്നലെയാരംഭിച്ച പ്രവേശനോത്സവം മുടങ്ങിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നമ്പർ ശേഖരിച്ച് ഇഹ്സാന വിളിച്ചത്. ഫോൺ എടുത്ത ഉദ്യോഗസ്ഥൻ സംഭവം പരിശോധിക്കാൻ കളമശേരി എ.ആർ ക്യാമ്പിലെ സബ് ഇൻസ്പക്ടർ ജെ. ഷാജിമേനോട് നിർദേശിച്ചു.ഇഹ്സാനയുടെയും അമ്മയുടെയും അവസ്ഥ ബോധ്യമായതോടെ, ഫോൺ വാങ്ങിനൽകുന്ന ചുമതല തങ്ങൾ ഏറ്റെടുക്കാമെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും പൊലീസ് അസോസിയേഷനും മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പിന്നീട് ഫോണുമായി പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു, ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.എം. അജിത് കുമാർ, എം.വി. സനിൽ എന്നിവർ ഇഹ്സാനയുടെ വീട്ടിലെത്തി. പഞ്ചായത്തംഗം റംലയും കൂടെയുണ്ടായിരുന്നു.ഫോൺ കൈമാറിയപ്പോൾ ഉദ്യോഗസ്ഥർ കുട്ടിയോടു പറഞ്ഞു, ‘നന്നായി പഠിക്കണം, ഞങ്ങളൊക്കെ കൂടെയുണ്ട്’. പഠിക്കാൻ എന്തൊക്കെ വാങ്ങിയിട്ടുണ്ടെന്ന് ചോദിച്ചപ്പോൾ നിഷ്കളങ്കമായി കുട്ടി അമ്മയെ നോക്കി ചിരിച്ചു. അത്ഥം മനസിലാക്കി ആവശ്യത്തിന് പുസ്തകവും പേനയുമൊക്കെ വാങ്ങി നൽകിയാണ് ഉദ്യോഗസ്ഥർ യാത്രയായത്. താങ്ക്സ് പറയാൻ മുഖ്യമന്ത്രിയെ ഇന്നുതന്നെ വിളിക്കാനിരിക്കുകയാണ് ഇഹ്സാന.