മിനിസ്ക്രീൻ-ബിഗ്സ്ക്രീൻ പ്രേക്ഷർക്കിടയിലെ ‘അമ്മ മുഖമാണ് മങ്ക മഹേഷിന്റേത്. വർഷങ്ങളായി സിനിമയിലും സീരിയലുകളിലും അമ്മ വേഷങ്ങളിലൂടെ തിളങ്ങിയിട്ടുള്ള മങ്കയ്ക്ക് കലാരംഗത്ത് തന്റേതായ നിലയിൽ ശോഭിക്കാൻ കഴിഞ്ഞിരുന്നു. വളരെ ചെറുപ്പക്കാലത്ത് തന്നെ കലാജീവിതം ആരംഭിച്ച താരമാണ് മങ്ക മഹേഷ്. കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത, കോട്ടയം ശാന്ത, മീന, സുകുമാരിയമ്മ എന്നിങ്ങനെയുള്ളവർക്കൊപ്പം തന്നെ അമ്മ വേഷത്തിൽ തിളങ്ങാൻ മങ്കയ്ക്കും സാധിച്ചു. സിനിമകളിൽ സജീവമായി നിൽക്കുന്ന സമയത്താണ് താരം സീരിയലുകളിൽ പ്രത്യക്ഷപ്പെടുന്നത്.ആലപ്പുഴയിലെ അമ്പലപ്പുഴയാണ് മങ്ക മഹേഷിന്റെ സ്വന്തം ദേശം. മങ്ക പഠിച്ചതും വളർന്നതുമെല്ലാം അമ്പലപ്പുഴയിലായിരുന്നു. ആറു മക്കളും അച്ഛനും അമ്മയും അടങ്ങുന്നതായിരുന്നു മങ്കയുടെ കുടുംബം.
കുടുംബത്തിലെ ഏറ്റവു൦ ഇളയ കുട്ടിയായ മങ്ക സ്കൂൾ കാല൦ മുതൽ തന്നെ കലാ മേഖലയിൽ സജീവമായിരുന്നു. അമൃതം ഗോപിനാഥിന്റെ ശിക്ഷണത്തിലാണ് ആദ്യമായി നൃത്തം അഭ്യസിക്കുന്നത്. വർഷങ്ങൾക്ക് ശേഷം പ്രൊഫഷണൽ നാടക വേദികളിൽ അരങ്ങേറുകയും കെപിഎസ്സി വഴി അഭിനയ മേഖലയിലേക്ക് ചുവടുവയ്ക്കുകയും ചെയ്യുകയായിരുന്നു. മഹേഷ് എന്ന നടനെ കാണുന്നതും പരിചയപ്പെടുന്നതും എല്ലാം ഇവിടെ വച്ചാണ്. പിന്നീട് ഇവർ വിവാഹിതരായി. മഹേഷിന്റെ വേർപ്പാട് ജീവിതത്തെ വല്ലാതെ തളർത്തിയെന്ന് പറയുകയാണ് മങ്ക. പ്രിയപ്പെട്ടവന്റെ വിയോഗത്തിന് ശേഷം ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചാണ് മങ്ക മനസുതുറന്നത്. വിവാഹ ശേഷം ആലപ്പുഴയിൽ നിന്നും മഹേഷിന്റെ നാടായ തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു.
വിവാഹ ശേഷവും അഭിനയത്തിൽ സജീവമായി തുടർന്ന മങ്ക മകളുടെ ജനന ശേഷമാണ് ആദ്യമായി സിനിമയിൽ നിന്നും ബ്രേക്കെടുക്കുന്നത്. പിന്നീട് മകളുടെ കാര്യങ്ങൾ നോക്കി വീട്ടമ്മയായി ജീവിക്കുകയായിരുന്നു. മകൾ വളർന്നു വലുതായ ശേഷം ദൂരദർശനിലെ പരമ്പരകളിലൂടെ വീണ്ടും താരം അഭിനയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. 1997ൽ പുറത്തിറങ്ങിയ മന്ത്രമോതിരമാണ് മങ്കയുടെ ആദ്യത്തെ ചിത്രം. പിന്നീട് പഞ്ചാബിഹൗസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. അതിൽ ദിലീപിന്റെ അമ്മയായി വേഷമിട്ട മങ്കയെ തേടി പിന്നീടെത്തിയതെല്ലാം അമ്മ വേഷങ്ങളാണ്. ആ വർഷം തന്നെയാണ് എംടി-ഹരിഹരൻ ടീമിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിൽ അവസരം ലഭിക്കുന്നത്. കരിയറിലെ ഏറ്റവു൦ മികച്ച അവസരമായാണ് അതിന് കാണുന്നതെന്നാണ് മങ്ക പറയുന്നത്.