തമിഴ്നാട്ടിലൂടെ രാത്രി കാറോടിച്ച മലയാളി യുവതി നേരിട്ട ഞെട്ടിക്കുന്നഅനുഭവം

കേരളം വിട്ടാൽ ഉള്ള യാത്രകൾ അത്ര സുരക്ഷിതമല്ലെന്ന് പലരും തങ്ങളുടെ അനുഭവം പങ്കുവെച്ച് പോസ്റ്റുകൾ ചെയ്തിട്ടുണ്ട്. തമിഴ്നാടാണ് ഇങ്ങനെ സഞ്ചാരികൾക്ക് രാത്രി സഞ്ചരിക്കാൻ ഭയമുള്ള സംസ്ഥാനങ്ങളിൽ ആദ്യം നിൽക്കുന്നത്. ഇപ്പോഴിതാ കോഴിക്കോട് സ്വദേശിനിയായ ആനി ജോൺസൺ എന്ന യുവതി പങ്കുവെച്ച അനുഭവമാണ് ഞെട്ടിക്കുന്നത്. വേളാങ്കണ്ണിയിലേക്കുള്ള യാത്രക്കിടെയാണ് ആനിക്ക് തമിഴ്നാട്ടിൽ വച്ച് ദുരനുഭവം ഉണ്ടായത്. ഇന്ത്യ എമ്പാടും സഞ്ചരിച്ചിട്ടുള്ള യുവതിയാണ് ആനി ജോൺസൺ. രാത്രിയും പകലുമായി ഒട്ടേറെ യാത്രകൾ നടത്തിയിട്ടുണ്ട്.കശ്മീരിലും അരുണാചൽപ്രദേശിലോ നാഗാലാൻഡിലോ ഒരിക്കൽപോലും ഉണ്ടാകാത്ത അനുഭവം ഈ അടുത്ത വേളാങ്കണ്ണി യാത്രയിൽ ഉണ്ടായ അനുഭവമാണ് ആനി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

സ്വയം കാറോടിച്ച് ആണ് ആനി വേളാങ്കണ്ണിയിലേക്ക് പോയത്. ഏകദേശം രാത്രി 10 :30 നു ശേഷം തഞ്ചാവൂരിൽ ചായ കുടിക്കാൻ വണ്ടി നിർത്തി. പിന്നീട് ഏകദേശ ദൂരം 90 കിലോമീറ്റർ മാത്രം. അതുകൊണ്ട് പാതിരയ്ക്കു മുൻപേ വേളാങ്കണ്ണിയിൽ എത്തി ഏതെങ്കിലും ഹോട്ടലിൽ കിടന്നുറങ്ങാം എന്ന് ആനി വിചാരിച്ചു. ചായ കുടിച്ചതിനുശേഷം പിന്നീടുണ്ടായ യാത്രയിൽ മുന്നിൽ ഉണ്ടായ ഒരു വാനിൽനിന്ന് ചെറിയ മണൽ പോലുള്ള എന്തോ സാധനം കാറ്റിൽപറന്നെത്തി എന്റെ കാറിന്റെ ചില്ലിൽ പതിച്ചു.

അപ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ആ വാനിനെ ഞാൻ ഓവർടേക്ക് ചെയ്തു ഓടിച്ചുപോയി. എന്നാൽ കുറേനേരം പോയപ്പോൾ വണ്ടിയുടെ ചില്ലിലൂടെ മുമ്പോട്ട് കാഴ്ചകൾ കുറഞ്ഞുവന്നു.

മുമ്പിൽ നിന്നും വണ്ടി വന്നപ്പോൾ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. അപ്പോൾ വൈപ്പർ ഓപ്പറേറ്റ് ചെയ്തു. വെള്ളം വന്നപ്പോൾ ചില്ലിലൂടെ ഒട്ടും കാണാൻ പറ്റാത്ത അവസ്ഥയായി. ഞാൻ വണ്ടി സൈഡിൽ നിർത്തി മുൻസീറ്റിൽ ഉറങ്ങിക്കൊണ്ടിരുന്ന സുഹൃത്തിനെ ഇറക്കി ഗ്ലാസ് തുടയ്ക്കുവാൻ വിട്ടു. തീർത്തും വിജനമായ സ്ഥലം ആയതുകൊണ്ട് വളരെ പെട്ടെന്ന് ഗ്ലാസ് തുടച്ച് ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. പക്ഷേ വീണ്ടും ചില്ലിൽ മഞ്ഞു വെള്ളം പിടിച്ചു മങ്ങി, അപ്പോൾ തോന്നി സംഗതി പന്തിയല്ലെന്ന്.

ആ വാനിൽ നിന്നും എന്തോ കെമിക്കൽ ഇട്ടത് ആണെന്ന് മനസ്സിലായി. അങ്ങനെയാണെങ്കിൽ അവരുടെ ആൾക്കാർ വഴിയിൽ എവിടെയോ കാത്തിരിപ്പുണ്ട് അല്ലെങ്കിൽ അവർ പുറകെ എത്തും. പക്ഷേ വീണ്ടുംചില്ല് തുടയ്ക്കാതെ ഇരിക്കാനും പറ്റില്ല. അങ്ങനെ വീണ്ടും വണ്ടി നിർത്തി ചില്ല് തുടച്ചു.

ആരെങ്കിലും ആക്രമിക്കാൻ വന്നാൽ അവർ ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി കൊടുക്കാൻ മനസ്സുകൊണ്ട് ഒരുങ്ങിയിരുന്നു. എന്നാൽ പിന്നീടുള്ള യാത്ര അതീവ ദുരിതം ആയിരുന്നു. ഒരു പത്തു പ്രാവശ്യം എങ്കിലും ചില്ല് തുടയ്ക്കേണ്ടി വന്നു. സഹയാത്രികൻ നീളമുള്ള കൈകൾ കൊണ്ട് വണ്ടിയിലിരുന്ന് ഓടിച്ചു കൊണ്ട് തന്നെ ചില്ല് തുടയ്ക്കുവാൻ പഠിച്ചു.

അവസാനം ഞങ്ങൾ വേളാങ്കണ്ണിയിൽ എത്തിയത് വെളുപ്പിന് മൂന്നു മണിക്ക് ആയിരുന്നു. യാത്രയുടെ അവസാനം വണ്ടി വിശദമായി പരിശോധിച്ചപ്പോൾ വണ്ടിയുടെ ബോണറ്റിലും മുകളിലും എല്ലാം നിറയെ വെള്ളം പിടിച്ചിരിക്കുന്നു.

ഒരു വെളുത്ത പൊടി പോലുള്ള അവശിഷ്ടവും കണ്ടു. എന്ത് കെമിക്കൽ ആണെങ്കിലും സംഭവം വളരെ ഫലവത്താണ്. എന്റെ സ്പീഡും പെട്ടെന്ന് വൈപ്പർ ഉപയോഗിക്കാതിരുന്നതും പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടാകാം ഹൈവേ കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെട്ടത്. പോലീസിൽ പരാതി കൊടുത്തില്ല. ഈ വഴി രാത്രിയിൽ വരുന്ന യാത്രക്കാർ എല്ലാവരും സൂക്ഷിക്കുക എന്നുപറഞ്ഞാണ് ആനിയുടെ കുറിപ്പ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *