നമ്പര്‍ 1 സ്നേഹതീരത്തിലെ സുധി ഇതാ ഇപ്പോള്‍ ഇങ്ങനെയാണ് | ശരത് പ്രകാശ് ഫാസിലിന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് നമ്പര്‍ 1 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്. മമ്മൂട്ടി, പ്രിയരാമന് തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട് അമ്മാവനെ സ്വന്തം അച്ഛനായി കരുതി ജീവിക്കുന്ന സുധി, അനു എന്നീ കുട്ടികളുടെ കഥകൂടി അവതരിപ്പിക്കുന്നു. സിനിമയുടെ പ്രധാനആകര്‍ഷണങ്ങളിലൊന്ന് സുധിയെയും അനുവിനെയും അവതരിപ്പിച്ച ബാലതാരങ്ങളുടെ പ്രകടനമാണ്. ശരത് പ്രകാശ്, ലക്ഷ്മി മരയ്ക്കാര്‍ എന്നിവരാണ് ചിത്രത്തില്‍ സുധിയെയും അനുവിനെയും അവതരിപ്പിച്ചത്.സിനിമ പുറത്തിറങ്ങി കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ സുധിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ശരത് പ്രകാശ് പ്രേക്ഷകരുമായി തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഇന്ന് പരസ്യരംഗത്ത് സജീവമാണ് ശരത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് നമ്പര്‍ 1 സ്നേഹതീരത്തില്‍ അഭിനയിക്കാന്‍ ശരതിന് അവസരം ലഭിക്കുന്നത്. ഇനി വിശേഷങ്ങള്‍ ശരത് പറയട്ടെ…
ഫാസിലിന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ ചിത്രത്തിലേക്ക് ബാലതാരത്തെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം വന്നിരുന്നു. അതുകണ്ട അച്ഛന് എന്റെ ഫോട്ടോയും വിവരങ്ങളും അയച്ചു നല്കി. അങ്ങനെയാണ് എന്നെ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്.
ഞാന്‍ ആദ്യമായാണ് അന്ന് അഭിനയിക്കുന്നത്. രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു അപ്പോള്‍. എനിക്കൊപ്പം അഭിനയിച്ച ലക്ഷ്മി മരയ്ക്കാര്‍ അന്ന് യു.കെ.ജിയിലേ ഒന്നാം ക്ലാസിലോ ആയിരുന്നു. എനിക്കൊന്നും യാതൊരു തരത്തിലുമുള്ള ടെന്‍ഷനും ഉണ്ടായിരുന്നില്ല. ഒരു വെക്കേഷന് ആഘോഷിക്കുന്ന ലാഘവത്തോടെയാണ് ഞാന്‍ അഭിയനിക്കാന്‍ ചെന്നത്. സെറ്റിലാണെങ്കില്‍ എപ്പോഴും തമാശയും കളിയും ചിരിയുമായിരുന്നു. സത്യന് അന്തിക്കാട് സാറും ഫാസില്‍ സാറും ഞങ്ങള്‍ ഓടിനടക്കുമ്പോള്‍ ഇടയ്ക്ക് പിടിച്ചു വയ്ക്കുമായിരുന്നു.
അഭിനയിക്കുന്ന സമയത്ത് ചിരിക്കാനും കരയാനുമൊക്കെ കൃത്യമായി നിര്‍ദ്ദേശം നല്‍കുമായിരുന്നു. യാതൊരു തരത്തിമുള്ള സമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ല്. മമ്മൂക്കയെ ആദ്യമായി കണ്ടപ്പോള്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. കാരണം വലിയനടനാണ്, ഒരുപാട് സിനിമകളില്‍ നേരത്തേ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ആദ്യമൊക്കെ അങ്ങോട്ടുപോയി മിണ്ടാന്‍ എന്തോ ഒരു പേടിയായിരുന്നു. സിനിമയില്‍ കോഴിക്കോടുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചുള്ള ഒരു സ്ീക്വന്സുണ്ട്. ഷൂട്ടിങ് ഇടവേളയില്‍ അവിടെ അദ്ദേഹം ഒരു മൂലയില്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ഞാനും എന്റെ അമ്മയും അച്ഛനും സഹോദരനും ഒരുമിച്ച് നില്‍ക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ അടുത്തേക്ക് വിളിച്ചു, വിളിച്ച് മടിയിലിരുത്തി, ‘ഇനി മുടി വെട്ടുമ്പോള്‍ മഷ്റൂം കട്ട് ചെയ്യണം, അതാണ് ഇപ്പോഴത്തെ ഫാഷന്‍’ എന്ന് പറഞ്ഞു. ഞാന്‍ ആദ്യമായാണ് അന്ന് മഷ്റും കട്ട് എന്ന് കേള്‍ക്കുന്നത്.