മോഹൻലാൽ എന്ന ഭർത്താവിനെ കുറിച്ച്, സഹ യാത്രികനെ കുറിച്ച് ഭാര്യ സുചിത്ര സംസാരിക്കുന്നു. 32 വർഷങ്ങൾ ആയി നിങ്ങൾ വിവാഹിതർ ആയിട്ട്. 32 വർഷങ്ങൾക്കിടയിൽ മോഹൻലാൽ എന്ന ജീവിതത്തിലെ സഹയാത്രികനെ എന്തെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടായതായി തോന്നിയിട്ടുണ്ടോ? ഒട്ടുമില്ല, അതിനു കാരണവും ഉണ്ട്. ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ എനിക്ക് 22 വയസും ചേട്ടന് 28 വയസും ആയിരുന്നു. അന്നും ചേട്ടൻ പ്രായത്തിൽ കവിഞ്ഞ ഒരു പക്വതയുള്ള ആളായിട്ടാണ് എനിക്ക് തോന്നിയത്. എന്റെ പ്രായത്തിലുള്ള എന്റെ ബന്ധുക്കളുടെയെല്ലാം വിവാഹം കഴിഞ്ഞപ്പോൾ അവരുടെയെല്ലാം ഭർത്താക്കന്മാരെ ഞാൻ കാണാറുണ്ട്.
താരതമ്യേന ചേട്ടൻ ഒരു പക്വത കാത്തുസൂക്ഷിക്കുന്നതായാണ് എന്റെ അനുഭവം. എന്നാൽ ഞങ്ങളുടെ കുടുംബാന്തരീക്ഷത്തിൽ ആവശ്യത്തിനുള്ള കളിചിരികൾ എല്ലാം ഉണ്ട് താനും.ജീവിതം പ്ലാൻ ചെയ്യുന്ന ഒരാളാണോ സുചിത്രയുടെ ഭർത്താവു? അല്ലേയല്ല, ഒരു പ്ലാനിങ്ങും ഇല്ല, മക്കളുടെ കാര്യത്തിൽ പലപ്പോഴും ഞാൻ ചോദിക്കാറുണ്ട്.മായ വലുതായിത്തുടങ്ങി. അവൾക്ക് വേണ്ടി ചില കരുതലുകൾ തുടങ്ങേണ്ടേ, അപ്പോൾ ചേട്ടൻ പറയും, അതൊന്നും ഇപ്പോഴേ നോക്കണ്ട, അതൊക്കെ ആ സമയത്തു നടന്നോളും. ജീവിതത്തിൽ ചേട്ടൻ എന്തെങ്കിലും ഒന്ന് പ്ലാൻ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. വരുന്ന വഴിക്ക് ഇങ്ങനെ പോകുന്നു.മോഹൻലാലിന് അഭിനയം ഒരു പാഷൻ ആണെന്ന് തോന്നിയിട്ടുണ്ടോ? ആദ്യകാലത്തു എങ്ങനെയായിരിക്കാം, അന്ന് ഞാൻ ഒപ്പം ഇല്ലാലോ.പിന്നെ അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. അതുകൊണ്ട് മാറിനിന്ന് നിരീക്ഷിക്കാനൊന്നും സാധിച്ചിട്ടില്ല. സുചിത്ര പറയുന്നു.