സോഷ്യൽ മീഡിയയിൽ വൈറലായി വ്യത്യസ്തമായ ഒരു സിനിമാ പ്രമോഷൻ. വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റർ അഭിനവ് സുന്ദർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാർത്തയാണ് ശ്രദ്ധ നേടുന്നത്. വിനീത് ശ്രീനിവാസൻ വീട്ടുതടങ്കലിൽ എന്ന ടൈറ്റിലോടെ വരുന്ന പത്രക്കുറിപ്പിൽ വെള്ളിയാഴ്ച്ച വൈകീട്ട് ഏഴ് മണിക്ക് സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത് വരുന്നത് വരെ വിനീത് വീട്ടു തടങ്കലിൽ ആണെന്നും നായകനായി അഭിനയിച്ചില്ലെങ്കിൽ വെട്ടിക്കൊല്ലുമെന്നാണ് അഭിനവിന്റെ ഭീഷണിയെന്നും പറയുന്നു. വഴങ്ങിക്കൊടുക്കുകയല്ലാതെ മറ്റൊരു മാർഗവും തനിക്ക് മുന്നിൽ ഇല്ലെന്നും സിനിമയിൽ തന്നെ വെച്ച് അഭിനവ് കാണിക്കാൻ പോകുന്ന അക്രമങ്ങൾക്ക് ഒന്നിനും താൻ ഉത്തരവാദി അല്ലെന്നും വിനീത് പറയുന്നുണ്ട്.
പത്രക്കുറിപ്പിൽ നിന്ന് ചെന്നൈ: ഫീൽ ഗുഡ് സിനിമകളിൽ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരൻ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ തടങ്കലിലിട്ടതായി റിപ്പോർട്ടുകൾ. ഇൻഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നിൽ എഡിറ്റർ അഭിനവ് സുന്ദർ നായക് ആണെന്ന് ഇതിനോടകം അറിയാൻ കഴിഞ്ഞിട്ടുണ്ട്. ടോവിനോ തോമസ്, അജു വർഗ്ഗീസ്, അടക്കമുള്ള ഒട്ടനവധി മുൻനിര അഭിനേതാക്കളുടെ നല്ല സീനുകൾ ഒരു കാര്യവും ഇല്ലാതെ നിഷ്ക്കരുണം വെട്ടി കളയുന്ന ഒരു സൈക്കോ ആണിയാൾ എന്നാണു സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിനീത് നായകൻ ആയി അഭിനയിച്ചില്ലെങ്കിൽ വെട്ടി കൊല്ലും എന്നാണ് ഭീഷണി. ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ: “നാളെ വൈകിട്ട് 7 ന് സിനിമയുടെ അന്നൗൺസ്മെന്റ് പോസ്റ്റർ പുറത്തു വരുന്നത് വരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിക്ക് വഴങ്ങിക്കൊടുക്കുക എന്നല്ലാതെ വേറെ ഒരു മാർഗവും എന്റെ മുന്നിൽ ഇല്ല. അതുകൊണ്ട് ഈ സിനിമയിൽ എന്നെ വെച്ച് ഇവൻ കാണിക്കാൻ പോകുന്ന അക്രമങ്ങൾക്ക് ഒന്നിനും ഞാൻ ഉത്തരവാദി അല്ല. നാളെ പോസ്റ്റർ ഇറങ്ങുമ്പോൾ എല്ലാവരും സോഷ്യൽ മീഡിയയിൽ ദൈവത്തെ ഓർത്തു ഷെയർ ചെയ്യണം. ഗോദ, ആനന്ദം, യൂ ടൂ ബ്രൂട്ടസ്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററാണ് അഭിനവ്.