മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും അടക്കം വലിയൊരു താരനിരതന്നെ ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ സഹോദരനായ ഇബ്രാഹിംകുട്ടി തന്നെ യൂട്യൂബ് ചാനലിലൂടെ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആയി മാറുന്നത്. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ.’ ഇച്ചാക്ക ജനിക്കുന്നത് ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തിലാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ജാതകം എഴുതുന്ന പരിപാടിയൊന്നുമില്ല. നാട്ടിൽ അറിയപ്പെടുന്ന പ്രമാണിയും ബിസിനസ്സുകാരനും കർഷകനും ഒക്കെ ആയിരുന്നു ഉപ്പൂപ്പാ. ഒരുപാട് സൗഹൃദങ്ങൾ ഉള്ള ആളായിരുന്നു. ബാപ്പയുടെയും ഉമ്മയുടെയും കല്യാണം കഴിഞ്ഞ് അഞ്ചാമത്തെ വർഷം ജനിക്കുന്ന ആൺകുട്ടി.അതായത് പുതു തലമുറയിലെ ആദ്യത്തെ ആൺകുട്ടിയാണ്.
ആ കുട്ടിയുടെ ജനനം വലിയൊരു ആഘോഷമായിരുന്നു. ഉപ്പൂപ്പയുടെ സ്നേഹിതന്മാർ പറഞ്ഞു കുട്ടിയുടെ ജാതകം നമുക്കൊന്ന് എഴുതിക്കാൻ എന്ന്. അങ്ങനെ ഇച്ഛാക്കയുടെ ജാതകം എഴുതിച്ചു. ആ ജാതകത്തിൽ മമ്മൂട്ടി വിശാഖം നക്ഷത്രത്തിൽ ജനിച്ചയാളാണ്.പ്രശസ്ത നാവും എന്നൊക്കെ പറഞ്ഞിരുന്നു.പക്ഷെ അന്നൊന്നും അത് വലിയ കാര്യമായി എടുത്തില്ലെന്ന് ഇബ്രാഹിം കുട്ടി പറഞ്ഞു. തങ്ങൾ സഹോദരന്മാർ തമ്മിൽ വലിയ സൗഹൃദത്തിലായിരുന്നു എന്നും, പുറത്തുനിന്നുള്ള കൂട്ടുകാർ കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇച്ഛാക്ക ഒരു പർട്ടിക്കുലർ പേഴ്സണാലിറ്റി ആയിരുന്നു. ചെറുതിലേ മുതൽ ചില കർശന നിലപാടുകൾ ഉണ്ടായിരുന്നു. വസ്ത്രധാരണം, പഠിത്തം ചിന്തകൾ, പ്രവർത്തികളെല്ലാം മറ്റുള്ളവർ ശ്രദ്ധിക്കുന്ന രീതിയിലായിരുന്നു.
അഞ്ച് വയസ്സുള്ളപ്പോൾ തന്നെ ബാപ്പ ഞങ്ങളെ സിനിമ കാണാൻ കൊണ്ടു പോകുമായിരുന്നു. മതപരമായ കാര്യങ്ങളിൽ കൃത്യനിഷ്ഠ പാലിക്കുന്ന കുടുംബം ആണെങ്കിൽ കൂടി ഉത്സവങ്ങൾക്കും സിനിമകൾക്കും ഒക്കെ ഞങ്ങൾ പോകും. സിനിമ അന്നുമുതൽ തന്നെ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു. പഴയ കാല സൂപ്പർസ്റ്റാറുകളെ കണ്ട സ്ക്രീനിൽ ഞങ്ങടെ ഇച്ഛാക്കയെ കാണുന്നു എന്ന് പറയുമ്പോൾ ഉള്ള എക്സൈറ്റ്മെൻറ് അന്ന് ഞങ്ങൾക്കുണ്ടായിരുന്നു. ‘അനുഭവങ്ങൾ പാളിച്ചകൾ ‘ എന്ന സിനിമയിലാണ് ഇച്ഛാക്ക ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം ‘കാലചക്രം’ എന്ന സിനിമയിലാണ് ഡയലോഗ് പ്രസൻ്റേഷൻ ഉള്ളത്. ഞങ്ങടെ ബാപ്പ എല്ലാ സ്വാതന്ത്ര്യവും തന്നാണ് വളർത്തിയതെന്നും, ഒരു റസ്ട്രിക്ഷനും ഇല്ലായിരുന്നു എന്നും ഇബ്രാഹിംകുട്ടി പറയുന്നു.
മമ്മൂട്ടി എന്ന നടനെ കുറിച്ച് പറയുമ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ വലിയൊരു ഫാനാണ് എന്നും, അതു പുള്ളിക്ക് തന്നെ അറിയാമെന്നും അദ്ദേഹം പറയുന്നു. ഇച്ചാക്ക ഒന്നും ഉള്ളിൽ വച്ച് പെരുമാറുന്ന ആളല്ല. ദേഷ്യം വന്നാൽ ഒക്കെ അത് പ്രകടിപ്പിക്കും. അത് ഞങ്ങളോട് ആയാലും. ഞങ്ങൾ തമ്മിൽ കാണുമ്പോൾ ഒരിക്കലും പ്രായത്തിൻ്റെ ബുദ്ധിമുട്ടോ രോഗവിവരങ്ങൾ ഒന്നും സംസാരിക്കാറില്ല. എപ്പോഴും സംസാരിക്കുന്നത് പുതിയ കാര്യങ്ങളെക്കുറിച്ച് ആയിരിക്കും. ജന്മദിനത്തിനും പ്രത്യേകിച്ച് ഫോർമാലിറ്റി ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല. ഞാൻ ചെന്ന് ഹാപ്പി ബർത്ത് ഡേ എന്ന് പറഞ്ഞാലും ഓ, ആയിക്കോട്ടെ ഇരിക്കട്ടെ എന്ന ലാഘവത്തോടെ റിയാക്ഷൻ അല്ലാതെ പ്രത്യേകിച്ച് ഫോർമാലിറ്റി ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു.