വട്ടിയൂർക്കാവ് പേൾ മാനർ ഫ്ളാറ്റ് സമുച്ചയത്തിൽ ഫ്ളാറ്റ് വാങ്ങാൻ എഗ്രിമെന്റ് എഴുതി വർഷങ്ങൾ കഴിഞ്ഞിട്ടും സെയ്ൽ ലെറ്റർ നൽകാതെ വഞ്ചിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്. പേൾ മാനർ 2 B ഫ്ളാറ്റിൽ പ്രമോദ് കുമാർ നൽകിയ പരാതിയിൽ ഫ്ളാറ്റിന്റെ തുക ബാക്കി 4 ലക്ഷം രൂപ കൂടി കൈപറ്റി ഫ്ളാറ്റിന് ടി സി നമ്പർ ഇട്ട് വെള്ളത്തിന്റെയും വൈദ്യുതിയുടെയും കണക്ഷൻ നൽകി സെയ്ൽ ലെറ്റർ നൽകണമെന്ന് റെറ ഉത്തരവ് നൽകി. ഗായിക കെഎസ് ചിത്രയുടെ ഭർത്താവ് വിജയ് ശങ്കറിന് എതിരെയും ഗുരുതര ആരോപണങ്ങളാണ് പ്രമോദ് കുമാർ ഉന്നയിക്കുന്നത്.കൈയിലെ സമ്പാദ്യവും കടം വാങ്ങിയതുമെല്ലാം കൊടുത്ത് ഫ്ളാറ്റ് വാങ്ങാനായി എഗ്രിമെന്റ് ഒപ്പുവെച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും സെയിൽ ലെറ്റർ കൊടുത്തില്ല. കൂടുതൽ പണമാണ് ഇവർ ഇപ്പോൾ ആവശ്യപ്പെടുന്നത്.
പണം ആവശ്യപ്പെട്ട് വിജയ് ശങ്കർ പലതരത്തിൽ ഉപദ്രവിച്ചെന്ന് ആരോപിക്കുന്നു. വിജയ് ശങ്കർ മിക്ക സമയങ്ങളിലും ഫ്ളാറ്റിൽ കയറി വന്നു നിരന്തരം ശല്യം ചെയ്ത്, ആ കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കുന്ന അന്തരീക്ഷം ഉണ്ടാക്കുന്നു എന്നാണ് പരാതി. 2013 ൽ ബിൽഡറായ അനിൽകുമാറും ഒപ്പമുള്ള ജോസ് തോമസ് മുള്ളങ്കാട്ടിൽ, റോബിൻസൺ പണിക്കർ എന്നിവർ ചേർന്നാണ് ഫ്ളാറ്റ് നിർമ്മാണം ആരംഭിച്ചത്. 2015ൽ ഫ്ളാറ്റ് പൂർത്തിയാക്കി കൈമാറാമെന്നായിരുന്നു പ്രമോദിന് ഇവരുമായുള്ള എഗ്രിമെന്റ്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും ഫ്ളാറ്റ് കൈമാറാത്തതിനാൽ പ്രമോദ് ഫ്ളാറ്റിൽ കയറി താമസിക്കുകയായിരുന്നു. വൈദ്യുതി കണക്ഷനും വാട്ടർ കണക്ഷനും സ്വന്തമായി എടുത്തതാണെന്ന് പ്രമോദ് പറയുന്നു.