മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറാത്തത് ശരിയല്ലെന്ന് ഹൈക്കോടതി.!!

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറാത്തത് ശരിയല്ലെന്ന് ഹൈക്കോടതി. ഫോണ്‍ നല്‍കാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഫയല്‍ചെയ്ത ഉപഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഫോണ്‍ നല്‍കിയാല്‍ തെളിവുകള്‍ കെട്ടിച്ചമയ്ക്കുമെന്ന് ഭയമുണ്ടെന്നും അതിനാല്‍ സ്വയം ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് എന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ മറുപടി. തന്റെ ഭാര്യയും അഭിഭാഷകരുമായുമൊക്കെ സംസാരിച്ച വിവരങ്ങള്‍ ഫോണിലുണ്ട്. അതിനാല്‍ ഫോണ്‍ ആവശ്യപ്പെടുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിരിക്കുമെന്നും വിശദീകരിച്ചു.

അങ്ങനെയെങ്കില്‍ ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറൂ എന്ന നിര്‍ദേശം കോടതി മുന്നോട്ടുവെച്ചു. ഇത് അംഗീകരിക്കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ തയ്യാറായില്ല. അത് തെറ്റായ കീഴ്വഴക്കമാകും എന്നായിരുന്നു വാദം. കോടതിയെ വിശ്വാസമില്ലാത്തതിനാലാണോ കൈമാറാത്തതെന്ന് കോടതി വാക്കാല്‍ ചോദിച്ചു. ഫോണ്‍ കൈമാറാന്‍ തയ്യാറായില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളാനാകുമെന്നും കോടതി വ്യക്തമാക്കി.മൊബൈല്‍ഫോണ്‍ പിടിച്ചെടുക്കാനുള്ള എല്ലാ അധികാരവും ശേഷിയും ഉണ്ടെന്നും കോടതി നല്‍കിയ സംരക്ഷണം മാത്രമാണ് തടസ്സമെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വാദിച്ചു. ഇതോടെ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയെയും കേട്ടശേഷമേ തീരുമാനമെടുക്കാവൂ എന്ന ആവശ്യം ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചു. തുടര്‍ന്ന് ഹര്‍ജി ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു.

ഉപഹര്‍ജിയിലൂടെയാണ് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരുടെ ഏഴ് ഫോണുകള്‍ കൈമാറാത്ത വിഷയം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്. ഗൂഢാലോചനക്കേസില്‍ ഡിജിറ്റല്‍ തെളിവാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അതില്ലാതെയുള്ള അന്വേഷണത്തിന് അര്‍ഥമില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദിലീപിനായി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ സ്ഥലത്തില്ലാത്തതിനാല്‍ വിശദവാദത്തിനായി ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കണമെന്ന ആവശ്യമാണ് എതിര്‍ഭാഗം ആദ്യം ഉന്നയിച്ചത്. എന്നാല്‍, കോടതി ശനിയാഴ്ച ഇതിനായി പ്രത്യേക സിറ്റിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ദിലീപ് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് ബുധനാഴ്ചവരെ വിലക്കി.

Leave a Reply

Your email address will not be published. Required fields are marked *