കേരളക്കരയെ ആകെ ഉദ്ഭേഗത്തിൻ്റെ കൊടുമുടിയിൽ നിർത്തിയ സംഭവത്തിന് ഒടുവിൽ ശുഭകരമായ പരിസമാപ്തി. മലയിടുക്കിൽ കുടുങ്ങി ജീവനും മരണത്തിനുമിടയിൽ കഴിഞ്ഞ യുവാവിന് പുതുജീവൻ ലഭിച്ചു.നാൽപത്തി അഞ്ചു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കരസേനയുടെ ഉദ്വേഗഭരിതമായ നീക്കങ്ങളാണ് ബാബു എന്ന 23കാരന് ജീവിതത്തിലേക്കുള്ള മടങ്ങിവരവ് ഒരുക്കിയത്. തിങ്കളാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം മലമ്പുഴ എരിച്ചടുത്ത് കുർബാച്ചി മല കയറിയ ചെറാക്കിലെ റഷീദയുടെ മകൻ 23 കാരൻ ബാബുവാണ് മല കയറുന്നതിനിടെ കാൽ വഴുതി വീണ് ചെങ്കുത്തായ പാറയിടുക്കിൽ കുടുങ്ങിയത്. അപകട സമയത്ത് ബാബുവിനെ കൂടെയുണ്ടായിരുന്ന രണ്ട് പേരും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ഇയാൾ പൊലീസിനും,കൂട്ടുകാർക്കും വാട്സ്ആപ്പ് സന്ദേശം അയക്കുകയായിരുന്നു. 40 മണിക്കൂറിലേറെ ബാബു പാറയിടുക്കിൽ കുടുങ്ങിക്കിടന്നു.
പാറയിടുക്കിലേക്ക് വീഴുന്നതിനിടെ ബാബുവിൻ്റെ കാലിന് പരിക്കേൽക്കുകയും ചെയ്തു.ചൊവ്വാഴ്ച കൊച്ചി നാവികസേനയുടെ ഹെലികോപ്റ്റർ എത്തിയെങ്കിലും ബാബുവിനെ എയർ ലിഫ്റ്റ് ചെയ്യാനായില്ല. തുടർന്നാണ് സൈന്യം രക്ഷാ ദൗത്യം ഏറ്റെടുത്തത്. കഴിഞ്ഞ രാത്രി കളക്ടർ മൃൺമയി ജോഷിയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മെഡിക്കൽ സംഘത്തെയും ആംബുലൻസിനെയും സഞ്ജമാക്കി നിർത്തി. ബുധനാഴ്ച പുലർച്ചെ ബംഗളൂരുവിൽ നിന്നുള്ള കരസേനാ സംഘം മലമ്പുഴയിലെത്തി. കോയമ്പത്തൂർ വെല്ലിങ്ടണിൽ നിന്ന് കരസേനയുടെ മറ്റൊരു സംഘവും, മലപ്പുറത്തുനിന്ന് സംസ്ഥാന പോലീസിൻ്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡുകളും സ്ഥലത്തെത്തി. ആശങ്ക ഭരിതമായ മണിക്കൂറുകൾക്കൊടുവിൽ ബാബുവിൻ്റെ അടുത്തേക്ക് സേനാസംഘം എത്തുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ സൈനിക സംഘം ബാബുവുമായി സംസാരിക്കുകയും, ബാബുവിന് കുടിവെള്ളവും ഭക്ഷണവും എത്തിക്കുകയും ചെയ്തു.
കരസേനയുടെ പരിചയസമ്പന്നനായ പർവതാരോഹകറാണ് സംഘത്തിലുണ്ടായിരുന്നത്. പുലർച്ചെതന്നെ സംഘം മല കയറി തുടങ്ങിയിരുന്നു. ലെഫ്റ്റ്നൻ്റ് കേണൽ ഹേമന്ത്രാക്കിൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഒടുവിൽ കുറുക്കാച്ചി മലയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിനെ സൈന്യം രക്ഷാ കരങ്ങളിലേക്ക് ഉയർത്തുകയായിരുന്നു. സുരക്ഷാ ബെൽ ഘടിപ്പിച്ച ബാബുവിനെ മലയുടെ മുകളിലേക്ക് കൊണ്ടുവന്നു. കാലിൽ ചെറിയ മുറിവുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ബാബുവിനില്ല. ദൗത്യസംഘത്തിലെ ബാല എന്ന സൈനികനാണ് ബാബുവിൻ്റെ അടുത്തെത്തിയത്. രാവിലെ എട്ടുമണിയോടെ രക്ഷാ സംഘം ഏകദേശം ബാബുവിന് അടുത്തെത്തിയിരുന്നു. ഒമ്പതെ മുപ്പതോടെ അരികിലെത്തി. ബാബുവിന് ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻറിലെ സൈനികർ പാരാരെജിമെൻറിലെ സൈനികർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണഭാരത ഏരിയ ജിയോ സൈലൻറ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു.