സ്കൂൾ ബസ്സിലെ വിദ്യാർത്ഥികളെ അപകടത്തിൽ നിന്ന് രക്ഷിച്ച് നാട്ടിലെ താരമായിരിക്കുകയാണ് കാലടി ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ആദിത്യൻ രാജേഷ്. ഡ്രൈവറില്ലാതെ ബസ്സ് തനിയെ മുന്നോട്ടു നീങ്ങിയപ്പോൾ ആദിത്യൻ ഡ്രൈവറുടെ സീറ്റിൽ ചാടി കയറി ബ്രൈക്ക് ചവിട്ടി ബസ്സ് നിറുത്തുകയായിരുന്നു. ഈ സമയം ബസ്സിൽ നിറയെ വിദ്യാർത്ഥികളും ഉണ്ടായിരുന്നു. സ്കൂളിന്റെ മുന്നിലുള്ള റോഡിലാണ് സംഭവം.
നേരെ മുമ്പിൽ ഇറക്കമാണ് വൈകീട്ട് ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ പോകുവാൻ വിദ്യാർഥികൾ ബസ്സിൽ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവർ ബസ്സിലുണ്ടായിരുന്നില്ല. ഈ സമയത്താണ് ഗിയർ തന്നെ തെന്നിമാറി ബസ്സ് പതിയെ മുന്നോട്ട് നീങ്ങിയത്. ബസ്സിലുണ്ടായിരുന്ന വിദ്യാർഥികൾ പരിഭ്രാന്തരായി കരയാൻ തുടങ്ങി.
എന്നാൽ ആദിത്യൻ രാജേഷ് സമയോചിതമായി ഇടപെട്ട് ബസ്സ് നിറുത്തി. ആദിത്യന്റെ അമ്മാവൻ ടോറസ് ലോറി ഡ്രൈവറാണ്. ഇടക്ക് ആദിത്യൻ അമ്മാവന്റെ കൂടെ ലോറിയിൽ പോവാറുണ്ട്. അതിനാൽ ഡ്രൈവിങ് സംവിധാനത്തെ കുറിച്ച് ആദിത്യനറിയാം.
ശ്രീ ഭൂതപുരം വാരിശേരി രാജേഷ് മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യ. നിരവധി പേരാണ് ആദിത്യന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. സമയോചിതമായി ആദിത്യൻ ഇടപെട്ടതുകൊണ്ട് നിരവധി പേരുടെ ജീവനാണ് രക്ഷപ്പെട്ടത്.