യുവാവ് കാറിലിരുന്ന് ഉറങ്ങിയതോടെ കാറ് നിറുത്തിയിട്ട സ്ഥലത്ത് ഉണ്ടായത് ആശങ്കയുടെ മണിക്കൂറുകൾ. പരിഭ്രാന്തിയിലായ നാട്ടുകാർ ഫയഫോഴ്സിനെ വരെ വിളിച്ചുവരുത്തി. ഇന്നലെ രാവിലെ പാലേരിയിലാണ് സംഭവം നടന്നത്. കുട്ട്യാടി പേരാമ്പ്ര റോഡിൽ പാലേരി വടക്കും പാട് തണലിന് സമീപം അതിവേഗത്തിൽ വന്ന കാർ പെട്ടെന്ന് നിർത്തി. പിന്നെ മണിക്കൂറുകളോളം കാർ അവിടെത്തന്നെ കിടന്നു. സംശയം തോന്നിയ നാട്ടുകാർ കാറിന് അകത്തു വന്നു പരിശോധിച്ചു നോക്കിയപ്പോൾ ഒരു യുവാവ് കാറിനുള്ളിൽ കിടന്ന് ഉറങ്ങുന്നു.
ഇയാളെ ഉണർത്താൻ നാട്ടുകാർ സകലമാന ശ്രമങ്ങളും നടത്തി. എന്നാൽ യുവാവ് എണീറ്റില്ല ഇതിനിടെ സീറ്റിൽനിന്ന് യുവാവ് മറിഞ്ഞു വീണു. എന്നിട്ടും ഉറക്കത്തിൽ നിന്നും എണീറ്റില്ല. അവസാനം നാട്ടുകാർ ഫയര്‍ഫോഴ്സിനെയും പോലീസിനെയും അറിയിച്ചു. പതിനൊന്ന് മണിയോടെ ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തി. കാറിൻറെ ഡോർ മുറിക്കാൻ തീരുമാനിച്ചു. അതിന് തൊട്ടു മുമ്പ് കാർ ശക്തമായി എല്ലാകുവരും ഒന്ന് കുലുക്കി. ഉടനെ യുവാവ് ചാടി എണീറ്റു.
ഒന്നുമറിയാത്ത യുവാവ് ഡോർ തുറന്ന് എന്താണ് ഇത്ര ആളും ബഹളവും എന്നായി. ആരോഗ്യ വകുപ്പ് ജീവനക്കാരൻ കൂത്താളി മൂരികുത്തിയിൽ ആദിലാണ് കാറിലുണ്ടായിരുന്നത്. തുടർച്ചയായി രാത്രി ഡ്യുട്ടിയായിരുന്നു ഇദ്ദേഹത്തിന്. ജോലി കഴിഞ്ഞു മടങ്ങവേ ഉറക്കം വല്ലാതെ വന്നപ്പോൾ ഉടനെ കാർ നിറുത്തി ഉറങ്ങുകയായിരുന്നു.