നാട്ടുകാർക്കാകെ തീരാ നൊമ്പരമായിരിക്കുകയാണ് ഈ ഇരുപത്തി ആറുകാരിയുടെ വേർപാട്. നാല് മാസം മുൻപായിരുന്നു വിജിയുടെ വിവാഹം. ഇന്നലെ ജന്മദിനമായിരുന്നു. വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യ പിറന്നാൾദിനം. ജോലികഴിഞ്ഞു വന്നതിന് ശേഷം ആഘോഷിക്കാമെന്ന ധാരണയിലായിരുന്നു വിജിയും ഭർത്താവ് സുജീഷും. ചിരിച്ചുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങിയ ഭാര്യ ഇനി മടങ്ങി വരില്ലെന്ന് വിശ്വസിക്കാൻ സുജീഷിന് കഴിഞ്ഞിട്ടില്ല.
ജോലിക്കായി അതിരാവിലെ വീട്ടിൽ നിന്നും പുറപ്പെട്ടതായിരുന്നു.സുജീഷാണ് ഇവരെ ഒഴുക്കൂരിൽ നിന്നും മൊറയൂരിൽ എത്തിച്ച് കോഴിക്കോട്ടേക്കുള്ള ബസ്സിൽ കയറ്റി വിട്ടത്.ഇന്നലെ രാവിലെ ആറോടെ കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ കൊണ്ടോട്ടി ബൈപാസ്സ് റോഡിലുണ്ടായ അപകടത്തിലാണ് വിജി മരണപ്പെടുന്നത്.
കൊണ്ടോട്ടി ഭാഗത്തു നിന്നും വരികയായിരുന്ന ടോറസ്സ് ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിൽ കയറി കാളികാവിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സിൽ ഇടിക്കുകയായിരുന്നു ഓടിക്കൊണ്ടിരുന്ന ബസ്സ് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു.വാഹനത്തിനുള്ളിൽനിന്നും ഏറെ പണിപ്പെട്ടാണ് നാട്ടുകാർ പരിക്കേറ്റവരെ പുറത്തെടുത്തത് ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.നിരവധി മറ്റുയാത്രക്കാർക്കും പരിക്കേറ്റു.