പതിനേഴ് വയസ്സ് പ്രായമുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്ത അദ്ധ്യാപിക പോക്സോ കേസ്സിൽ അറസ്റ്റിലായി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് ഇരുപത്തി ആറുകാരിയായ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്. തുറയൂർ സ്വദേശിനിയായ അദ്ധ്യാപിക ശർമിള ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് ഇവർ അറസ്റ്റിലാവുന്നത്. പതിനൊന്നാം ക്ളാസ്സിലെ വിദ്യാർത്ഥിയെയാണ് അദ്ധ്യാപിക വിവാഹം ചെയ്തത്. പതിനേഴ് കാരനെ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തു വന്നത്.
മാർച്ച് അഞ്ചാം തിയ്യതി സ്കൂളിലേക്ക് പോയ മകനെ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. മാർച്ച് പതിനൊന്നിനാണ് തുറയൂർ പോലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുന്നത്. അന്വേഷണത്തിനിടയിലാണ് വിദ്യാർത്ഥിയുടെ സ്കൂളിലെ ഒരു അദ്ധ്യാപികയെ കാണാനില്ല എന്ന് പോലീസ് മനസ്സിലാക്കുന്നത്. ഇവരെ കാണാതായതും വിദ്യാർത്ഥിയെ കാണാതായതും ഒരേ ദിവസമായിരുന്നു.
തുടരന്വേഷണത്തിൽ വിദ്യാർത്ഥിയും അധ്യാപികയും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് കണ്ടെത്തി. സ്കൂൾ വിട്ട ശേഷം ഇവർ ഒളിച്ചോടിയതാണെന്നും അന്വേഷണത്തിൽ വെക്തമായി. വിദ്യാർത്ഥിക്ക് പ്രായപൂർത്തി ആകാത്തതിനാൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ധ്യാപികയുടെ മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.