പൊരിവെയിലത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ യാചകനോട് ചെയ്തത് കണ്ട് കൈയടിച്ച് കേരളക്കര.!!

ഒരു സോപ്പു വാങ്ങിത്തരുമോ’ എന്നു ചോദിച്ച വയോധികനെ കുളിപ്പിച്ച് കൊടുത്ത് പോലീസുകാരൻ. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാർ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജുവാണ് യാചകന് തുണയായത്. കഴിഞ്ഞ ദിവസം, ഉച്ചയ്ക്കു പന്ത്രണ്ടരയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമാണു സംഭവം. പൊരി വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് അവശനായ വയോധികൻ പതുക്കെ നടന്നു വരുന്നത് ഷൈജു കണ്ടത്.ഡ്യൂട്ടി അവസാനിച്ചതിനാൽ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് ‘റോഡ് മുറിച്ചു കടക്കേണ്ടതുണ്ടോ’ എന്നു ചോദിച്ചു.

എന്നാൽ, മറുപടി ‘കുളിക്കാൻ ഒരു സോപ്പു വാങ്ങിത്തരാമോ’ എന്നതായിരുന്നു. പിന്നാലെ വയോധികൻ നാണയത്തുട്ടുകൾ ഷൈജുവിനു നേരെ നീട്ടി. ഇതോടെയാണ് വയോധികൻ കുളിക്കാൻ ആഗ്രഹിക്കുന്നതായി ഷൈജുവിനു മനസ്സിലായത്. സമീപത്തെ ഇടവഴിയിൽ നിന്ന് കുളിക്കാൻ സൗകര്യമൊരുക്കിക്കൊടുത്തു.80 വയസ്സോളമുള്ള അദ്ദേഹത്തിനു കപ്പിൽ വെള്ളം കോരി കുളിക്കാനുള്ള ത്രാണിയില്ലെന്നു മനസ്സിലാക്കിയ ഷൈജു, മറ്റൊന്നും ആലോചിക്കാതെ അദ്ദേഹത്തെ സോപ്പു തേപ്പിച്ചു നന്നായി കുളിപ്പിച്ചു കൊടുക്കുകയായിരുന്നു. കണ്ടു നിന്ന ചിലർ വാങ്ങിക്കൊടുത്ത തോർത്തു മുണ്ട് ഉപയോഗിച്ചു തോർത്തി.

ശരീരവും തുടച്ചു വൃത്തിയാക്കി കൊടുത്തു. കുറച്ചു പുതിയ വസ്ത്രവും പണവും നൽകിയാണ് വയോധികനെ യാത്രയാക്കിയത്. തമിഴ് ചുവയിൽ സംസാരിക്കുന്ന വയോധികൻ കട വരാന്തയിലും മറ്റുമായി അന്തിയുറങ്ങുന്നതെന്ന് അറിയാൻ കഴിഞ്ഞതായി ഷൈജുപറഞ്ഞു.പ്രായാധിക്യം കാരണം കടുത്ത അവശത നേരിടുന്നുണ്ട്. തന്നെക്കൊണ്ടു കഴിയുന്നതു ചെയ്തു എന്ന് അദ്ദേഹം പറയുന്നു. ഷൈജുവിന് ഇപ്പോൾ സോഷ്യൽ മീഡിയയും നാട്ടുകാരും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *