അഞ്ചലില്‍ നിന്നും കാണാതായ കുഞ്ഞിനെ കണ്ടെത്തിയത് ഒരു രാത്രി കഴിഞ്ഞ്..! സംഭവത്തില്‍ ദുരൂഹത..!

കൊല്ലം അഞ്ചലിൽ നിന്നും ഇന്നലെ കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തിയതിന് പിന്നിലെ ദുരൂഹതയിലാണ് ഇപ്പോൾ നാട്ടുകാർ. തടിക്കാട് കാഞ്ഞിരപ്പാറ കൊടിഞ്ഞ മൂലം പുത്തൻവീട്ടിൽ അൻസാരിയുടെയും ഫാത്തിമയുടെയും ഇളയ മകൻ മുഹമ്മദ് അഫ്രാനെ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കാണാതായത്. 13 മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനും, പരിഭ്രാന്തിക്കും ഒടുവിൽ ഇന്നലെ തിരഞ്ഞ ഇടത്തു നിന്നും തന്നെ ഇന്നു കണ്ടെത്തിയതാണ് നാട്ടുകാരെ അമ്പരപ്പിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. കാണാതാകും മുൻപ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു.

കുട്ടിയെ മുത്തശ്ശിയുടെ അടുത്ത നിർത്തിയശേഷം അമ്മ ഫാത്തിമ മൂത്ത കുട്ടിയുമൊത്ത് തൊട്ടടുത്ത പുരയിടത്തിൽ പോയതിന് പിന്നാലെയാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞിൻ്റെ കരച്ചിൽകേട്ട് തുടർന്ന് ഫാത്തിമ ഓടിയെത്തിയെങ്കിലും കുഞ്ഞിനെ കണ്ടില്ല. ബഹളം കേട്ട് പരിസരവാസികൾ അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഇതേ തുടർന്ന് പോലീസ്, അഗ്നിരക്ഷാസേന എന്നിവരെ വിവരമറിയിച്ചു. സമീപത്തെ കിണറുകളും കുഴികളും പരിശോധിച്ചെങ്കിലും കണ്ടെത്തിയില്ല. അഞ്ഞൂറോളം വരുന്ന നാട്ടുകാരും പോലീസും രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും ഫലംകണ്ടില്ല.

റബർ തോട്ടങ്ങൾ നിറഞ്ഞ സ്ഥലം ആയതിനാലും വെളിച്ചക്കുറവും കനത്തമഴയും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതിനാലും പാതിരാത്രിയോടെ തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് ഇന്ന് പുലർച്ചെ അഞ്ചു മണിക്ക് തന്നെ തിരച്ചിൽ പുനരാരംഭിച്ചു. ഇതിനിടെയാണ് വെള്ളിയാഴ്ച മുഴുവൻ നാട്ടുകാർ അരിച്ചുപൊറുക്കിയ പ്രദേശത്ത് തന്നെ കുട്ടിയെ കണ്ടെത്തിയത്. രാവിലെ 7:15 ഓടു കൂടി ടാപ്പിംഗ് തൊഴിലാളിയായ സുനിലാണ് സമീപത്തെ റബർ തോട്ടത്തിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. വെള്ളിയാഴ്ച പെരുമഴയത്ത് ഞങ്ങൾ ആ കൊച്ചിന് വേണ്ടി അലയുകയായിരുന്നു. ഒരുപോള കണ്ണടച്ചിട്ടില്ല. രാത്രി 12:00 ആയിട്ടും മഴ തോരാതായപ്പോഴാണ് തിരച്ചിൽ ശനിയാഴ്ച പുലർച്ചേയ്ക്ക് മാറ്റിയത്. വീടിന് 300 മീറ്റർ അകലെ റബർതോട്ടത്തിൽ രാവിലെ കുഞ്ഞിനെ ആരോ കൊണ്ടുവന്നു വച്ചതാണെന്ന കാര്യത്തിൽ തർക്കമില്ല. കുഞ്ഞ് പേടിച്ചിട്ടില്ല. നാട്ടുകാർ പറയുന്നു. കുട്ടി പോകാൻ ഇടയുള്ള പ്രദേശങ്ങളിലും, തൊട്ടടുത്ത വീടുകളിലുമെല്ലാം നാട്ടുകാർ സംഘം ചേർന്ന് അന്വേഷിച്ചിരുന്നു. വസ്ത്രത്തിൽ ചെറുതായി ചെളി പുരണ്ടിരുന്നു. ശരീരത്തിൽ ചെറിയ നനവ് മാത്രമാണ് ഉണ്ടായിരുന്നത്.

തലേദിവസത്തെ പെരുമഴ നനഞ്ഞ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. ഒരു രാത്രി മുഴുവൻ വീടിൻ്റ പുറത്തു കഴിഞ്ഞ ലക്ഷണങ്ങൾ ഒന്നുംതന്നെ കുഞ്ഞിൽ കണ്ടിരുന്നില്ല. എന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നുണ്ട്. അതേസമയം വിജനമായ സ്ഥലത്ത് എങ്ങനെ കുട്ടി എത്തിയെന്ന കാര്യം പരിശോധിക്കുകയാണെന്നും, കേസിൽ അന്വേഷണം തുടരുകയാണെന്നും, പോലീസ് അറിയിച്ചു. സംശയത്തിൽ കുട്ടിയുടെ വസ്ത്രങ്ങൾ അടക്കം പോലീസ് പരിശോധിച്ചിരുന്നു. കുട്ടിയുടെ ദേഹത്ത് ചെളി പുരണ്ടിട്ടുണ്ടെന്നും, മഴ നനഞ്ഞിട്ടുണ്ട് എന്നാണ് കുട്ടിയെ പരിശോധിച്ച ഡോക്ടർ നൽകിയിരിക്കുന്ന മൊഴി. റബ്ബർ മരത്തിന് താഴെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. നായ ശല്യമുള്ള പ്രദേശമാണ് ഇത്. അതുകൊണ്ടുതന്നെ നായയെ കണ്ട് കുട്ടി പേടിച്ചു നിൽക്കുകയായിരുന്നു എന്ന സംശയമാണ് ഇപ്പോൾ ഉള്ളത്. അതേസമയം കുട്ടി എങ്ങനെയാണ് കുന്നിൻമുകളിലെ റബ്ബർതോട്ടത്തിൽ എത്തിയതെന്ന് സംബന്ധിച്ച് വ്യക്തതയില്ല. കുട്ടിക്ക് ആരോഗ്യപരമായി പ്രശ്നങ്ങൾ ഇല്ലെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. കുട്ടിയുടെ പിതാവ് വിദേശത്താണ്.

Leave a Reply

Your email address will not be published. Required fields are marked *