ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ നടി അനശ്വര രാജൻ സൈബർ ആക്രമണത്തിന് ഇരയായ സംഭവത്തിന് പിന്നാലെ സമാനമായ സൈബർ ആക്രമണത്തിന് ഇരയാവുകയാണ് നടി എസ്തർ. വ്യക്തിഹത്യാപരമായ കമന്റുകളും അശ്ലീല പരാമർശവുമായി ചിലർ ഒരു ഫേസ്ബുക്ക് പേജിൽ പങ്കുവച്ച എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെയാണ് കമന്റുകൾ പങ്കുവച്ചത്. എസ്തറിനേയും കുടുംബത്തേയും അധിക്ഷേപിച്ചുകൊണ്ട് സ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കൂട്ടർ എത്തിയത്.
സൈബർ സദാചാരക്കാരെ ഫോട്ടോ ഷൂട്ടിനായി എസ്തറണിഞ്ഞ ഗൗണാണ് വെറിപിടിപ്പിച്ചത്. കൂടുതൽ അവസരങ്ങൾ സിനിമയിൽ ലഭിക്കാനാണ് ഇത്തരം വസ്ത്രം ധരിക്കുന്നത് എന്നും മാതാപിതാക്കൾക്ക് വേഗത്തിൽ പണമുണ്ടാക്കാനാണെന്നുമാണ് ഇക്കൂട്ടർ പറഞ്ഞുവെക്കുന്നത്. സമീപ ഭാവിയിൽ ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും അതോടൊപ്പം മോള് പുരോഗമിക്കുന്നുണ്ടെന്നും നിരാശരാക്കരുതെന്നുമാണ് ചിലരുടെ പരാമർശം. ഇതിനൊക്കെ അതിനുമാത്രം പ്രായമായോ നാട്ടുകാരെകൊണ്ട് പറയിപ്പിക്കാൻ നടക്കുകയാണെന്നും തുടങ്ങി ആക്ഷേപകരമായ അനേകം പരാമർശങ്ങളാണ് എസ്തറിനെതിരെ കമന്റ്ബോക്സിൽ നിറയുന്നത്. ചിലർ ബ്രോയിലർ കോഴിയെന്നൊക്കെ വിളിച്ച് അങ്ങേയറ്റം തരംതാഴ്ന്ന കമന്റുകളാണ് എഴുതിവിടുന്നത്.നേരത്തെ അനശ്വര രാജനെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രണമുണ്ടായപ്പോൾ അനശ്വരയ്ക്ക് പിന്തുണയുമായി എസ്തർ എത്തിയിരുന്നു. എസ്തർ അന്ന് പ്രതികരിച്ചത് പ്രായഭേദമില്ലാതെ എല്ലാ താരങ്ങളും ഇത്തരം ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നും അനശ്വരയുടെ വിഷയമുണ്ടായപ്പോഴാണ് പരിധികൾ ലംഘിക്കുന്ന ഇത്തരം അശ്ലീല പരാമർശങ്ങൾക്കെതിരെ പ്രതികരിക്കാൻ തീരുമാനിച്ചതെന്നുമാണ്. ബാലതാരമായി വന്ന് മലയാളികളുടെ മനസിൽ ഇടംതേടിയ താരമാണ് എസ്തർ. ഒരു ബാലതാരം എന്ന ഇമേജിൽ നിന്നും നായികാ പരിവേഷത്തിലേക്ക് ചുവടുമാറിയിരിക്കുകയാണ് എസ്തർ ഇപ്പോൾ. സാരിയിൽ സുന്ദരിയായുള്ള എസ്തറിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.