കോരിച്ചൊരിയുന്ന മഴയും നോക്കി മണ്ണുപാകിയ ഉമ്മറപ്പടിയില്‍മീരയുടെ മടിയില്‍ കിടന്നു കൊണ്ട്

കോരിച്ചൊരിയുന്ന മഴയും നോക്കി മണ്ണുപാകിയ ഉമ്മറപ്പടിയില്‍ മീരയുടെ മടിയില്‍ കിടന്നു കൊണ്ട് ഭദ്രന്‍ ഒരു കൈയ്യില്‍ മഴവെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് തട്ടിതെറിപ്പിച്ചു ഇട്ടു.

‘ഹയ്യ്… എന്താ ഭദ്രേട്ടാ ഇത്…??? മേലാകെ നനച്ചൂല്ലോ…!!! ദേ ഞാന്‍ എണീറ്റു പോകുവാട്ടോ…!!!’

അവന്‍റെ മുടിയിഴകളില്‍ വിരലോടിച്ചു കൊണ്ടിരിക്കുകയായിരുന്നവള്‍ കള്ളപ്പരിഭവത്തോടെ അവന്‍റെ തലയെടുത്തു മാറ്റാന്‍ ആഞ്ഞു. ഒരു ചെറുചിരിയോടെ അവളുടെ പിണക്കം കാര്യമാക്കാതെ അവന്‍ വീണ്ടും കുറച്ചു വെള്ളം കൂടി അവളുടെ മുഖത്തേക്ക് ഇറ്റിച്ചു.

‘വേണ്ടാന്നു ഞാന്‍ പറഞ്ഞൂട്ടോ… ഭദ്രേട്ടാ… സത്യായിട്ടും ഞാന്‍ എണീറ്റു പോകുമേ…!!!’

അവന്‍ അവളുടെ മടിയിലേയ്ക്ക് ഒന്നു കൂടി കയറിക്കിടന്ന് കുളിപ്പിന്നല്‍ ഇട്ടു കെട്ടിയിരുന്ന മുടിയിഴകളില്‍ മെല്ലെ തലോടി വീണ്ടും മഴയെ നോക്കി കിടന്നു.

‘നിനക്ക് ഇപ്പോഴും എന്നോടു പേടി ഉണ്ടോടീ പെണ്ണേ…???’

അവള്‍ക്കു മുഖം കൊടുക്കാതെ അവന്‍ പുറത്തേക്ക് അലസമായി നോക്കി കൊണ്ടാണത് ചോദിച്ചത്.

‘ഭദ്രേട്ടാ… ഇങ്ങട് നോക്കിയേ… ന്‍റെ മുഖത്തേക്ക് നോക്കാന്‍…’

അവള്‍ അവന്‍റെ മുഖം അവള്‍ക്കു നേരെ തിരിച്ചു.

‘ന്‍റെ ഈ കണ്ണില്‍ നോക്കി പറയാമോ അത് ഒരു വട്ടം കൂടി…??? ഈ കണ്ണുകളില്‍ പ്രണയം അല്ലാതെ വേറെന്തെങ്കിലും കാണാന്‍ പറ്റണുണ്ടോ ഏട്ടന്…???’

‘ഞാന്‍ ചുമ്മാ ചോദിച്ചതല്ലേടീ പെണ്ണെ… നീ എന്‍റെ പെണ്ണല്ലേ…??? എന്‍റെ ചന്തക്കാരി…!!!’

അവളുടെ മുഖം താഴേയ്ക്ക് വലിച്ച് തന്‍റെ സ്നേഹമുദ്രണം ആ നെറ്റിത്തടത്തില്‍ അവന്‍ ചാര്‍ത്തി. പെയ്തു തോരാത്ത മഴയില്‍ നോക്കി കിടക്കുമ്പോള്‍ അവന്‍റെ ചിന്തകള്‍ രണ്ടു വര്‍ഷം പിന്നോട്ടു പാഞ്ഞു.

അറിയപ്പെടുന്ന ഒരു അസ്സല്‍ ചട്ടമ്പി ആയിരുന്നു ഭദ്രന്‍. ഗോവിന്ദന്‍ മുതലാളിക്കു വേണ്ടി കൂലിത്തല്ലുമായി നടക്കുന്ന കാലത്താണ് മീരയെ ആദ്യമായി അവന്‍ കാണുന്നത്.

അമ്പലപറമ്പില്‍ വച്ചുണ്ടായ അടിപിടിക്കിടയില്‍ ഭയത്തോടെ അവനെ നോക്കി നില്‍ക്കുന്ന അവളുടെ ആ കണ്ണുകള്‍ പക്ഷെ പ്രണയത്തിന്‍റെ തീമഴയാണ് അവനില്‍ കോരിയിട്ടത്.

മീര… പുതുതായി വീടും സ്ഥലവും വാങ്ങി വന്ന ദിവാകരന്‍റെയും സരസ്വതിയുടെയും ഏക മകള്‍. വീട്ടുകാരെ ധിക്കരിച്ചുള്ള വിവാഹം ആയിരുന്നതിനാല്‍ ബന്ധുക്കള്‍ ആരും തന്നെ അവര്‍ക്ക് ഉണ്ടായിരുന്നില്ല. മണ്ണിനെ ജീവനായി കരുതിയിരുന്നവര്‍. മണ്ണില്‍ പണിയെടുക്കുന്ന മണ്ണിന്‍റെ മക്കള്‍.

അവളുടെ ഓര്‍മ്മകള്‍ ഉറക്കം കെടുത്തിയപ്പോള്‍ നേരെ ചെന്നു പെണ്ണു ചോദിച്ചു. കൂലിത്തല്ലുമായി നടക്കുന്ന ഒരുവനു പെണ്ണിനെ കൊടുക്കാന്‍ അവര്‍ ഭയപ്പെട്ടു.

വാതിലിന്‍റെ മറവില്‍ നിന്ന് അവനെ പേടിയോടെ നോക്കുന്ന മീരയുടെ കണ്ണുകള്‍ വീണ്ടും അവനെ ഭ്രാന്തു പിടിപ്പിച്ചു. ഗോവിന്ദന്‍ മുതലാളിയുടെ ക്വാറിയില്‍ ലോറിഡ്രൈവറായി അവന്‍ പോയി തുടങ്ങി.

ഒരിക്കല്‍ ഒരു പെരുമഴയത്ത് ലോഡുമായി പോയി തിരിച്ചു വരും വഴി ആണ് ആളുകള്‍ പരിഭ്രാന്തരായി ഓടി നടക്കുന്നത് അവന്‍ കണ്ടത്.

കൊടുംമഴയില്‍ മലയിടിഞ്ഞു വീണു അനവധിപേര്‍ മണ്ണിനടിയിലായതറിഞ്ഞു അവിടേയ്ക്ക് ഓടി ചെന്നപ്പോള്‍ അവന്‍ കണ്ടു. അലമുറയിട്ടു കരയുന്ന ആ കണ്ണുകള്‍ വീണ്ടും.

കൃഷിസ്ഥലത്ത് ചാലുകീറികൊടുക്കാന്‍ പോയ അവളുടെ അച്ഛനമ്മമാര്‍…

മണ്ണിനെ ഏറെ സ്നേഹിച്ചിരുന്നതു കൊണ്ടോ എന്തോ… മണ്ണ് അവരെ സ്വന്തമാക്കാന്‍ വെമ്പല്‍ കൊണ്ടത്…???

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു ദിവസങ്ങള്‍ കൊണ്ട് വാരിയെടുത്ത ശരീരഭാഗങ്ങള്‍ പലതും ജീര്‍ണ്ണിച്ചു തുടങ്ങിയിരുന്നതിനാല്‍ ആരുടേതെന്നു തിരിച്ചറിയാന്‍ കഴിയാതെ ഒരുമിച്ചു സംസ്കരിച്ചു.

ഒറ്റ നിമിഷം കൊണ്ടവള്‍ അനാഥയാക്കപ്പെട്ടു. വിളക്കു വച്ചു പ്രാര്‍ത്ഥിക്കാന്‍ ഒരു അസ്ഥിത്തറ പോലും ശേഷിച്ചില്ല.

തനിച്ചായതോടെ രാത്രി കാലങ്ങളിലെ ഇലയനക്കങ്ങള്‍ പോലും അവളെ പേടിപ്പെടുത്തി. ഉറങ്ങാതെ നേരം വെളുപ്പിച്ചെടുത്ത രാത്രികള്‍.

ഒരു രാത്രി വാതിലില്‍ ശക്തിയായി ആരോ മുട്ടുന്നതു കേട്ട് അവള്‍ വെട്ടുക്കത്തി കൈയ്യില്‍ എടുത്ത് വാതിലിനടുത്തെത്തി.

ആരാണെന്ന ചോദ്യത്തിനു മറുപടി ഇല്ലാതെ വീണ്ടും വാതിലില്‍ മുട്ടുന്നതു തുടര്‍ന്നതിനാല്‍ വിറയാര്‍ന്ന കൈകളോടെ വാതില്‍ തുറന്ന അവളുടെ മൂക്കിലേക്ക് മദ്യത്തിന്‍റെ രൂക്ഷഗന്ധം ഇരച്ചു കയറി.

അവളെ അടിമുടി ചികഞ്ഞു നോക്കുന്ന ഗോവിന്ദന്‍ മുതലാളിയെ കണ്ടവള്‍ ഞെട്ടി.

‘നിന്നെ ഞാന്‍ പണ്ടേ നോട്ടം ഇട്ടതാണെടീ… ആ ഭദ്രന്‍… അവന്‍ എന്നും രാത്രി നിനക്ക് കാവലായി ഇവിടെ ചുറ്റിക്കറങ്ങുന്നതു കൊണ്ടാ ഇതു വരെ ഒരു അവസരം കിട്ടാഞ്ഞത്… ഇന്നിപ്പോള്‍ അവന്‍ ലോഡും കൊണ്ടു പോയേക്കുവാ… നീ ഇങ്ങട് വാടി മോളെ… ഞാന്‍ നിന്നെ ശരിക്കൊന്നു കാണട്ടെ…’

പേടി കാരണം കൈയ്യില്‍ ഇരുന്ന വെട്ടുക്കത്തിയുടെ കാര്യം പോലും മീര മറന്നു പോയി. അവളെ കടന്നു പിടിക്കാന്‍ അയാള്‍ ആഞ്ഞതും അവള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.

ഗോവിന്ദന്‍ മുതലാളിയുടെ അലറിക്കരച്ചില്‍ കേട്ടാണ് അവള്‍ കണ്ണു തുറന്നത്.

തന്‍റെ കൈയ്യില്‍ ഇരുന്ന വെട്ടുക്കത്തി കൊണ്ട് ഗോവിന്ദന്‍ മുതലാളിയെ വെട്ടുന്ന ഭദ്രനെ കണ്ടവള്‍ ഞെട്ടി.

‘നീ എന്തു പിണ്ണാക്കിനാടി ഈ കത്തിയും പിടിച്ചു നിന്നത്…??? മാനമെടുക്കാന്‍ വന്നവന്‍റെ നെഞ്ചുംകൂടു നോക്കി വെട്ടണ്ടേടി #$#$$@… പെണ്ണാണെന്നു പറഞ്ഞു, നീ കുറഞ്ഞവള്‍ ഒന്നുമല്ല… സ്വയരക്ഷയ്ക്ക് ഇവനെയൊക്കെ കൊന്നാല്‍ പോലും നിയമത്തിനു ഒന്നും ചെയ്യാന്‍ പറ്റില്ല… അറിയുമോടീ…’

വെട്ടേറ്റു പിടയുന്ന ഗോവിന്ദന്‍ മുതലാളിക്ക് നേരെ അവന്‍ തിരിഞ്ഞു.

‘ടോ… കോവിന്ദന്‍ മൊയ്ലാളി… ഇവളെ… എന്‍റെ പെണ്ണാണ്… ഈ ഭദ്രന്‍റെ…!!! ഈ ഭദ്രന്‍റെ കാവലുള്ളപ്പോള്‍ ആര്‍ക്കും ഇവളെ ഒന്നു തൊടാന്‍ പോലും പറ്റില്ല…. തന്‍റെ പദ്ധതി മനസ്സിലായിട്ടു തന്നെയാടോ ഞാന്‍ പോകാതിരുന്നത്… ഞാന്‍ ഇവളെ അങ്ങ് കൊണ്ടു പോകുവാ… എന്‍റെ കൂടെ പൊറുപ്പിക്കാന്‍… നല്ല അന്തസായി തന്നെ…’

അവളുടെ കൈയ്യില്‍ പിടിച്ചു നടക്കും വഴി അവന്‍ ഒന്നു കൂടി തിരിഞ്ഞു നോക്കി.

‘ഇവളും ഇവളെ പോലെ പലരും ഇപ്പോള്‍ അനാഥരാകാന്‍ കാരണം തന്‍റെ ആ ക്വാറി ആണ്… അനധികൃതമായ തന്‍റെ പാറപ്പൊട്ടിക്കല്‍… താന്‍ ചെവിയെ നുള്ളിക്കോടൊ… ഇന്നേയ്ക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ ആ ക്വാറി ഞാന്‍ പൂട്ടിച്ചിരിക്കും…’

ഒരു ചിരിയോടെ ഭദ്രന്‍ തിമിര്‍ത്തു പെയ്യുന്ന മഴയിലേക്ക് വീണ്ടും നോക്കി.

‘അന്നു ഗോവിന്ദന്‍ മുതലാളിയെ വെല്ലുവിളിച്ചപ്പോഴും എന്‍റെ മനസ്സില്‍ ആ ക്വാറി എങ്ങനെ പൂട്ടിക്കും എന്നു അറിയില്ലായിരുന്നു… കേട്ടോടീ… പക്ഷെ ഈ നാടു മുഴുവന്‍ ഒറ്റകെട്ടായി അതിനു വേണ്ടി ശബ്ദം ഉയര്‍ത്തിയപ്പോള്‍ കണ്ടില്ലെ…??? വന്‍മരങ്ങള്‍ പലരും കട പുഴകി വീണത്…!!! ഒത്തു പിടിച്ചാല്‍ മലയും പോരും എന്നു പറയുന്നത് എത്ര ശരിയാണ്… ഇതു പോലെ എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ ഇപ്പോഴുള്ള അനീതികള്‍ ഒക്കെ മാറി പോയേനെ….അല്ലേടീ…. ഹാ…. ഏതായാലും…. ഇനി ഒരു പെരുമഴയും പേടിക്കാതെ നമുക്ക് ഈ നാട്ടില്‍ കഴിയാം അല്ലേ…???’

‘ഭദ്രേട്ടാ നേരം ഒരു പാടു വൈകീട്ടോ… നമുക്ക് കിടക്കണ്ടേ…???’

‘ഹാ… ഞാന്‍ ചോദിച്ചതിനു നീ മറുപടി പറഞ്ഞില്ലല്ലോ… നിനക്ക് എന്നെ പേടിയുണ്ടോന്ന്….??? കല്ല്യാണം കഴിഞ്ഞിട്ടും എത്ര നാളാണ് നീ എന്നെ പേടിച്ചു നടന്നത്…???’

‘അതേ… അതിനുള്ള മറുപടി…. ദാ ഇയാളോടു ചോദിച്ചാല്‍ മതി…’

തന്‍റെ നിറവയറില്‍ തഴുകി കൊണ്ട് മീര പറഞ്ഞതു കേട്ട് കുസൃതിയോടെ ഭദ്രന്‍ ആ വയറ്റില്‍ ഒന്നു മുത്തി.

‘അച്ഛേടെ വാവയ്ക്ക് അച്ഛേ പേടിയൊന്നും ഇല്ല… അല്ലേടാ…??? നല്ല അന്തസ്സായി മണ്ണില്‍ പണിയെടുത്ത് നിന്‍റെ അമ്മയെ നോക്കുന്നുമുണ്ട് അച്ഛ…. അല്ലെടാ ചക്കരെ…???’

‘അച്ഛനും വാവയും കൂടി ഇനി കട്ടിലില്‍ കിടന്നു സംസാരിക്കൂ… എനിക്കു നടു വേദനിക്കുന്നു ഭദ്രേട്ടാ…’

അവന്‍ സാവധാനം എഴുന്നേറ്റു. മീരയേയും എഴുന്നേല്‍ക്കാന്‍ സഹായിച്ചു, അവളുടെ കൂടെ അകത്തേക്ക് കയറി കതകടച്ചു.

അപ്പോഴും മഴ അതിന്‍റെ എല്ലാ താളങ്ങളോടെയും തുടികൊട്ടി പെയ്തു കൊണ്ടിരുന്നു. ചില വേദനയുള്ള ഓര്‍മ്മകളോടും ചില പുതുസ്വപ്നങ്ങളോടും കൂടി….

രചന: ദിപി ഡിജു

Leave a Reply

Your email address will not be published. Required fields are marked *