കണ്ണിമ ചിമ്മാതെ തന്റെ അംഗലാവണ്യം ഒപ്പിയെടുക്കുന്ന ആ മുഖം കണ്ടപ്പോൾ

(രചന: ഗായത്രി വാസുദേവ്)

കണ്ണിമ ചിമ്മാതെ തന്റെ അംഗലാവണ്യം ഒപ്പിയെടുക്കുന്ന ആ മുഖം കണ്ടപ്പോൾ ആ പെണ്ണിന് പരിഭ്രമമാണ് ആദ്യം തോന്നിയത്.. മുടിയും താടിയും നീട്ടി വളർത്തി, അയഞ്ഞ കുപ്പായമിട്ട് കണ്ണുകളിൽ നേർമയായി സുറുമ എഴുതിയ ആ രൂപം ഉള്ളിൽ ഭയം സൃഷ്ടിച്ചു.. . ആ കണ്ണുകളിലേക്ക് ഉറ്റു നോക്കിയതും ആദ്യമായി അവളുടെ നൃത്തച്ചുവടുകൾ പിഴച്ചു.. നൃത്തസഭ കഴിഞ്ഞു തിരികെ അറയിൽ എത്തുമ്പോഴും അവളുടെ നെഞ്ചിലെ പിടപ്പ് മാറിയിട്ടുണ്ടായിരുന്നില്ല..

“ഏയ്‌ ആനന്ദിനി, ഇന്നെന്താ നിനക്ക് പറ്റിയത്? ” എന്ന ചോദ്യത്തെ അവളൊരു പുഞ്ചിരി നൽകി മടക്കി..

ചിലങ്ക അഴിച്ചു മാറ്റുമ്പോഴാണ് അവൾക്കുള്ള വിളി വന്നത്.. ചെല്ലുമ്പോൾ കണ്ടു മഹാരാജാവിനോടൊപ്പം അയാൾ.. തന്നെ കണ്ടതും അദ്ദേഹം അരികിലേക്ക് വിളിച്ചു..

“വരൂ ആനന്ദിനി.. ഇദ്ദേഹം അങ്ങ് കിഴക്ക് പേർഷ്യയിൽ നിന്നു വന്നൊരു സഞ്ചാരിയാണ്..

“”നഖാഷ് ഹാലിം അഹമ്മദ് “”

കുറച്ചു നാൾ ഇദ്ദേഹം നമ്മുടെ അതിഥിയാണ്. ഇദ്ദേഹത്തിന് ആനന്ദിനിയുടെ നൃത്തം ഒരുപാട് ഇഷ്ടപ്പെട്ടത്രെ.. അഭിനന്ദിക്കാൻ വിളിച്ചതാണ്.”

അവൾ ഭയത്തോടെ അയാൾക്ക് നേരെ നോക്കി..

“നൃത്തം അതിഗംഭീരം ആയിരുന്നു.. ”
അയാളുടെ പ്രൗഢിയാർന്ന സ്വരം കേട്ട് അവൾ വെറുതെ ഒന്ന് പുഞ്ചിരിച്ചു.. സഞ്ചിയിൽ നിന്നൊരു അത്തറ് കുപ്പി അയാൾ അവൾക്ക് നേരെ നീട്ടി.. ഇരു കൈകൾ കൊണ്ടും അവളത് വാങ്ങി തലകുനിച്ചു നിന്നു…

” ആനന്ദിനി ഇയാളെ അറയിലേക്ക് കൂട്ടിക്കൊണ്ട് പോകൂ.. എന്ത് ആവശ്യം ഉണ്ടെങ്കിലും കണ്ടറിഞ്ഞു ചെയ്ത് കൊടുക്കണം. ”

കേട്ടതും അവളുടെ മനസ് പൊള്ളിപ്പിടഞ്ഞുപോയി.. ഒടുവിൽ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു.. എതിർക്കാനാവാതെ അവൾ അറയിലേക്ക് നടന്നു… പിന്നാലെ അയാളും.. നഖാഷിന്റെ കണ്ണുകൾ കറുത്ത് നീണ്ട സമൃദ്ധമായ അവളുടെ ചുരുൾ മുടിയിഴകളിൽ ആയിരുന്നു…

അറയിൽ എത്തിയതും അയാൾ അവളെ പുണർന്നു.. ആദ്യമായി ഒരു പുരുഷന്റെ സ്പർശനം… അയാളെ തള്ളിമാറ്റണം എന്ന് മനസ് മുറവിളി കൂട്ടിയെങ്കിലും അതിനാവാതെ അവൾ നിന്നു..

” പാടില്ലാ.. അടിമപ്പെണ്ണാണ്.. അവൾക്ക് എതിർക്കാൻ കഴിയില്ല.. രാജാവിന്റെ കല്പനകൾ അനുസരിക്കാൻ മാത്രമേ അവൾക്ക് സാധിക്കൂ .. ”

അവളുടെ നെഞ്ചം മൗനമായി അലറിവിളിച്ചു … അതിന്റെ പ്രതിഫലനം എന്നോണം അവളുടെ കണ്ണിൽ നിന്നൊരിറ്റു കണ്ണുനീർ അയാളുടെ തോളിൽ വീണു ചിതറി.. നനവ് അറിഞ്ഞതും ഞെട്ടിക്കൊണ്ട് അയാൾ അവളിൽ നിന്നടർന്നു മാറി.. അവളുടെ നിറഞ്ഞ മിഴികൾ തന്നിൽ ഒരു നോവ് പടർത്തുന്നത് അത്ഭുതത്തോടെ അവൻ അറിഞ്ഞു.. യാന്ത്രികമായി അവന്റെ വിരലുകൾ ആ കണ്ണുനീർ കണങ്ങൾ തുടച്ചു കളഞ്ഞു..

ഒന്നും മിണ്ടാതെ ശിലപോലെ നിൽക്കുന്നവളെ ഒരുവേള നോക്കി നിന്നതിനു ശേഷം അവൻ സഞ്ചിയിൽ നിന്നൊരു കടലാസ് എടുത്തു എന്തൊക്കെയോ വരച്ചിടാൻ തുടങ്ങി. അല്പനേരത്തിനൊടുവിൽ ആ കടലാസ് അയാൾ അവൾക്ക് നേരെ തിരിച്ചതും അവളുടെ കണ്ണുകൾ വിടർന്നു… നൃത്തം ചെയ്യുന്ന അവളുടെ ചിത്രം മനോഹരമായി വരച്ചിട്ടിരിക്കുകയാണ് അയാൾ.. അവൾ തന്റെ നീണ്ടു മെലിഞ്ഞ വിരലുകളാൽ അതിൽ ഒന്ന് തഴുകി..

“ഇഷ്ടമായോ ? ” എന്ന ചോദ്യത്തിന് അവൾ വീണ്ടും തലയാട്ടി..

“എന്തേ സംസാരിക്കില്ലേ ? എന്നെ പേടിയാണോ ? ” അവൻ വീണ്ടും ചോദിച്ചതും അവളുടെ മുഖം വാടി.

തനിക്ക് സംസാരിക്കാൻ കഴിയില്ലെന്നും എന്നാൽ ചെവി കേൾക്കാൻ സാധിക്കുമെന്നും അവൾ കൈകൾ കൊണ്ട് പറയുന്നത് അയാൾ കൗതുകത്തോടെ കണ്ട് നിന്നു..

” എന്നെ എന്തിനാ പേടിക്കുന്നത് ആനന്ദിനി ? ”

അത് കേട്ടതും അവളുടെ മിഴികൾ നിറഞ്ഞു. മറുപടി പറയാതെ അവൾ മേശപ്പുറത്തിരുന്ന കടലാസ്സിൽ ഇങ്ങനെ എഴുതി ” നിങ്ങളുടെ കണ്ണുകൾ എന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ തോന്നുന്നു. “.
അത് വായിച്ചതും അയാളുടെ ചൊടികളിൽ ഒരു ചിരി വിടർന്നു .

ആ രാവിൽ അയാൾ നിരവധി ചായക്കൂട്ടുകൾ ചാലിച്ച് അവളുടെ ഒരു ചിത്രം വരച്ചു.. വെളുപ്പിനെ അവളുടെ കയ്യിൽ അത് വെച്ചുകൊടുത്തു അയാൾ അറവിട്ടു പോയപ്പോൾ അവൾ അയാൾ പോയ വഴിയിലേക്ക് അൽപനേരം നോക്കി നിന്നു…

“അയാൾ വലിയ ചിത്രകാരൻ ആണ്.. ഏതൊക്കെയോ പുസ്തകങ്ങൾ രചിച്ചിട്ടുണ്ടത്രെ.. കുറെയേറെ രാജ്യങ്ങൾ സഞ്ചരിച്ച കുറെ അറിവുള്ള ആളാണ്‌..ഇരുപതോളം ഭാഷകൾ അറിയാമത്രേ.. ”

മറ്റ് പെണ്ണുങ്ങളുടെ സംസാരം കാതിൽ വീണതും അവളുടെ കണ്ണുകൾ സഭയിൽ ഇരുന്നു രാജാവിന്റെ ചിത്രം വരയ്ക്കുന്ന അയാളിൽ പതിച്ചു… അതേ നിമിഷം തന്നെ അയാളും മുഖമുയർത്തി നോക്കി.. അവൾ വേഗം തല കുനിച്ചു അവിടെ നിന്നു മാറിനിന്നു…തൂണിന്റെ മറവിൽ നിന്നു അവൾ അയാളെ നോക്കിക്കണ്ടു.. അയാളുടെ കൈകളുടെ ചലനത്തിന് പോലും വല്ലാത്തൊരു ഭംഗിയാണെന്നു അവൾ അത്ഭുതം കൂറി.. തെക്ക് നിന്നു വരുന്ന ഇളം കാറ്റ് അയാളുടെ തോളൊപ്പം കിടക്കുന്ന മുടിയിഴകളെ അലസമായി തലോടിക്കൊണ്ട് പോകുന്നുണ്ടായിരുന്നു.. സൂര്യകിരണങ്ങൾ അയാളുടെ നീണ്ട മൂക്കിൻ തുമ്പിലെ വിയർപ്പ് തുള്ളികളിൽ തിളക്കം സൃഷ്ടിക്കുന്നത് കണ്ട് തെല്ലുനേരം നോക്കിനിന്നു..

പിന്നീടുള്ള ദിനങ്ങളിൽ അവളുടെ കണ്ണുകൾ അയാളെ പരതിക്കൊണ്ടിരുന്നു.. അവൾ പോലുമറിയാതെ അയാൾ അവളുടെ ഉള്ളിൽ ഒരു സ്ഥാനം നേടിയിരുന്നു.. ആദ്യം തോന്നിയ ഭയം തന്റെ ഉള്ളിൽ നിന്നു വഴി മാറുന്നതും കണ്ണുകളും മനസും ഒരേപോലെ അയാളെ കാണാൻ കുതിക്കുന്നതും, കണ്ണുകൾ അയാളിൽ വീഴുന്ന മാത്രയിൽ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നതും എല്ലാം അവൾക്ക് ആദ്യ അനുഭവം ആയിരുന്നു…

എന്നാൽ അയാളുടെ ഒരു നോട്ടം പോലും പിന്നീട് അവൾക്ക് നേരെ നീണ്ടില്ല.. എങ്കിലും അവളുടെ നൃത്തത്തിന് കാണിയായി അയാൾ ഉണ്ടാകുമായിരുന്നു..അയാളുടെ മുന്നിൽ അയാളെ ശിവനായി സങ്കൽപ്പിച്ചു പാർവതിയായി അവൾ നിറഞ്ഞാടി.. അയാളുടെ കണ്ണുകളുടെ ആഴങ്ങളിൽ വീണലിയാനും അവയിൽ നിറഞ്ഞു നിൽക്കാനും ആ ഊമപ്പെണ്ണിന്റെ ഉള്ളം അറിയാതെ കൊതിച്ചുപോയി..

രണ്ടാഴ്ച അതിവേഗം കടന്നു പോയി.. നാളെയാണ് അയാൾ തിരികെ പോകുന്ന ദിനം.. വിങ്ങുന്ന മനസുമായി അവൾ അയാളെ നോക്കി.. അവളെ തീരെ ഗൗനിക്കാതെ അയാൾ എന്തോ കുത്തിക്കുറിക്കുന്ന തിരക്കിൽ ആയിരുന്നു… ഒരു വാഴയിലയിൽ ഏതാനും ചെമ്പകപ്പൂക്കൾ പറിച്ചു അവൾ നഖാഷിനരുകിൽ കൊണ്ടുപോയി വെച്ചു..തിരിഞ്ഞു നോക്കാതെ തിരികെ ഓടി.. എന്നാൽ അവളുടെ പാദസരത്തിന്റെ ശബ്ദം കേട്ട് അയാളുടെ മുഖം വിടരുന്നതും ഇടംകണ്ണാൽ അവളുടെ പ്രവർത്തികളെ വീക്ഷിച്ചതും അവൾ അറിഞ്ഞില്ല..

അയാൾ രാജാവിന്റെ സമ്മാനങ്ങളും സ്വീകരിച്ചു തിരികെ പോകാൻ ഇറങ്ങിയപ്പോൾ അവൾ കൊതിയോടെ ആ രൂപത്തെ അവസാനമായി ഉള്ളിലേക്ക് ആവാഹിക്കാൻ ശ്രെമിച്ചു.. മിഴികൾ നിറഞ്ഞു കാഴ്ച മറച്ചു… അവൾ ഉള്ളിലേക്ക് ഓടാൻ ശ്രെമിച്ചതും കയ്യിൽ പിടി വീണു.. തിരിഞ്ഞു നോക്കിയപ്പോൾ തന്റെ കൈകളിൽ പിടിച്ചു നിൽക്കുന്ന നഖാഷ്… അവൾ പേടിയോടെ മഹാരാജാവിനെ നോക്കി..

“ആനന്ദിനിയെ പണം തന്നു നഖാഷ് വിലയ്ക്ക് വാങ്ങിയിരിക്കുന്നു.. എടുക്കാൻ ഉള്ളതൊക്കെ എടുത്തോളൂ.. ”

ഒരു നോട്ടം പോലും ആർക്കും സമ്മാനിക്കാതെ അവൾ തന്റെ തുണികൾ ഒരു സഞ്ചിയിലേക്ക് വെച്ചു.. ഒരിക്കൽ മനസ്സിൽ നിന്നും ഓടിയൊളിച്ച ഭയം വീണ്ടും മനസിൽ ഉണർന്നു വരുന്നത് അവൾ അറിഞ്ഞു..

കെട്ടിപ്പിടിച്ചു കരഞ്ഞ സഖികളെ ബലമായി അടർത്തിമാറ്റി അവൾ കുതിരവണ്ടിയിൽ കയറി ഇരുന്നു.. ഒരു തുള്ളി നീര് പോലും അവളുടെ മിഴിയിൽ നിന്നു താഴെ പതിച്ചില്ല.. കപ്പലിൽ സാധനങ്ങൾ എല്ലാം എടുത്തു വെച്ചിട്ട് അയാൾ അവൾക്ക് നേരെ കൈനീട്ടി.. ഒരു പേടിയോടെ അവൾ ആ കൈകളിൽ കൈ ചേർത്തുവെച്ചു…

കപ്പൽ തിരകളെ കീറിമുറിച്ചു അതിവേഗം സഞ്ചരിക്കാൻ തുടങ്ങിയതും ജലത്തിലേക്ക് കൺ നട്ട് അവളിരുന്നു.. അയാൾ ഒരു ചിത്രം വരച്ചു അവൾക്ക് നേരെ നീട്ടി… ആനന്ദിനിയുടെ കഴുത്തിൽ വരണമാല്യം അണിയിക്കുന്ന നഖാഷ്.. അവൾ ആ ചിത്രത്തിലേക്ക് കുറച്ച് നേരം നോക്കിയിരുന്നു. പിന്നെ അവിശ്വസനീയതയോടെ അയാളെ നോക്കി..

” ഇഷ്ടമായില്ലേ ? അതോ ഇപ്പോഴും പേടിയാണോ ? എനിക്ക് നിന്നോട് പ്രണയം തോന്നുന്നു പെണ്ണേ. നിന്റെയീ കണ്ണുകളോട്, എന്നോട് സംസാരിക്കുന്ന ഈ വിരലുകളോട്, നിന്റെ നൃത്തചുവടുകളോട്… എല്ലാത്തിനോടും പ്രണയം തോന്നുന്നു.. തിരികെ പ്രണയിച്ചൂടെ എന്നെ ? ”

അയാളുടെ ചോദ്യത്തിന് തല കുനിച്ചിരുന്നു അവൾ തലയാട്ടി.. യജമാനനോടുള്ള വിധേയത്വം ആയിരുന്നു ആ നിമിഷം അവളിൽ നിറഞ്ഞു നിന്നിരുന്നത്.. അവൻ ചൂണ്ടുവിരലാൽ അവളുടെ താടിയിൽ തൊട്ട് മുഖം ഉയർത്തി..

“ഇത് പ്രണയമാണോ അതോ യജമാനനോടുള്ള ഒരു അടിമയുടെ വിധേയത്വമോ ? ” അവളുടെ കണ്ണിലേക്കു ഉറ്റു നോക്കിക്കൊണ്ട് അവൻ ചോദിച്ചു..

” ഞാനിപ്പോൾ നിങ്ങളുടെ അടിമ ആണ്. അങ്ങ് എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കാം.. അടിമകൾക്ക് സ്വന്തമായി തീരുമാനങ്ങൾ ഒന്നുമില്ല.. ആഗ്രഹങ്ങളില്ല, അഭിമാനമില്ല, അവകാശങ്ങളുമില്ല.. അടിമപ്പെണ്ണുങ്ങൾ അലങ്കാരവസ്തുക്കൾ മാത്രമാണ്.. ” കൈകൾ ചലിപ്പിക്കുന്നതിനോടൊപ്പം അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നത് അയാൾ കൗതുകത്തോടെ നോക്കി..

” നീയല്ല ഞാനാണ് അടിമ.. നിന്റെ സ്നേഹത്തിന്റെ അടിമ… അതിനാണ് നിന്നെ കൂടെ കൂട്ടിയത്…ആദ്യം കണ്ടപ്പോൾ തന്നെ നിന്നിൽ ഞാൻ അടിമപ്പെട്ടുപോയി…അതിൽ നിന്നൊരു മോചനം ഞാൻ ആഗ്രഹിക്കുന്നുമില്ല.. നിന്റെ പ്രണയത്തിന്റെ തടവറയിൽ ഈ ജന്മം മുഴുവൻ കഴിയണം എന്നാണ് എന്റെ ആഗ്രഹം.. ഇനി പറയു നീയെന്നെ പ്രണയിക്കുമോ അടിമപ്പെണ്ണിന്റെ കടമയായി കാണാതെ, ഭാര്യയുടെ അവകാശത്തോടെ ? ”

അത്ഭുതം നിറഞ്ഞ മിഴികളോടെ ആനന്ദിനി നഖാഷിനെ നോക്കി.. അന്നാദ്യമായി അയാളുടെ കവിളിലെ നുണക്കുഴിത്തിളക്കം അവൾ കണ്ടു..

“പറയു… ” അയാളുടെ സ്വരം ആർദ്രമായിരുന്നു…

പതിയെ അവൾ തലയാട്ടി… അയാൾ തന്റെ കുപ്പായത്തിന്റെ കീശയിൽ നിന്നുമൊരു മാലയെടുത്തു അവളുടെ കഴുത്തിൽ അണിയിച്ചു.. അതിന്റെ ലോക്കറ്റിൽ നഖാഷ് എന്ന് എഴുതിയിരുന്നു… അവൾ അത് കയ്യിലെടുത്തു കണ്ണിൽ വെച്ച് അയാളെ നോക്കിയൊന്നു ചിരിച്ചു..

“” ഈ ആഴക്കടലിനെയും കത്തിജ്വലിക്കുന്ന സൂര്യനെയും നീലിമയാർന്ന ആകാശത്തെയും സാക്ഷി നിർത്തി നഖാഷ് ഹാലിം അഹമ്മദ് അവന്റെ ജീവിതസഖിയെ മഹർ അണിയിച്ചിരിക്കുന്നു.. അടിമത്വത്തിൽ നിന്നും നീയീ നിമിഷം മുതൽ സ്വതന്ത്രയായിരിക്കുന്നു.””

കൈകൾ വിരിച്ചുപിടിച്ചു അയാൾ പറഞ്ഞതും അവളാ നെഞ്ചിൽ പറ്റിച്ചേർന്നു.. അയാളുടെ അധരങ്ങൾ അവളുടെ നെറ്റിയിൽ അമർന്നതും അവൾ ഒരു പിടച്ചിലോടെ അയാളിൽ നിന്നകലാൻ നോക്കി.. അവളെ ചേർത്തുപിടിച്ചുകൊണ്ട് ക്യാൻവാസിൽ അടുത്ത ചിത്രം വരയ്ക്കാൻ തുടങ്ങിയിരുന്നു അയാൾ.. അയാളുടെ മാറിൽ തലചേർത്തു നിൽക്കുന്ന അവളെയും അവരുടെ മേലേ വന്നു വീഴുന്ന റോസാദളങ്ങളെയും വരച്ചു തീർന്നപ്പോഴേക്കും അസ്തമയസൂര്യന്റെ ആദ്യ കിരണങ്ങൾ അവരിൽ പതിച്ചിരുന്നു… ആനന്ദിനിയെ ചേർത്തുപിടിച്ചുകൊണ്ട് നഖാഷ് യാത്ര തുടർന്നു.. ഭാഷയുടെയും ദേശത്തിന്റെയും മതത്തിന്റെയും അതിരുകൾ ഭേദിച്ചുകൊണ്ട് പ്രണയത്തിന്റെ ലോകത്തേക്ക്.

Leave a Reply

Your email address will not be published. Required fields are marked *