nidhana s dileep
എഴുത്തു മുറീന്ന് എന്തൊക്കെയോ എടുത്ത് ഉടയ്ക്കുന്ന ശബ്ദം കേട്ട് അവൾ ഓടി മുറീടേ വാതിക്കലെത്തി.
“”ജാനകീ……””അലറി വിളിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പേടിയോടെ സാരിത്തലപ്പ് കൈക്കുള്ളിലാക്കി ഞെരിച്ചു കൊണ്ടു നിൽക്കുന്ന അവളെയായിരുന്നു.””നീ…ഈ റൂം വൃത്തിയാക്കിയോ ഇന്ന്””.
“”ഞ..ഞാൻ..സിദ്ധ്വേട്ടാ…മുറീല് കുപ്പികള് എട്ത്ത് മാറ്റീതാ..””പേടിയോടെ വിക്കിക്കൊണ്ട് അവളത് പറയുമ്പോൾ ബലത്തിനെന്നോണം സാരിത്തുമ്പിൽ മുറുകെ പിടിച്ചു പെയ്തൊഴിയാനെന്നോണം നിറഞ്ഞു തുളുമ്പിയിരുന്നു ആ കണ്ണുകൾ.””നീ ചവറ്റുകൊട്ടേലെ കടലാസുകൾ എട്ത്തു കളഞ്ഞോ..””വാക്കിലെന്ന പോലെ സിദ്ധുവിന്റെ നോട്ടത്തിലും ഉണ്ടായിരുന്നു അവളെ നോവിക്കാൻ പാകത്തിന് മൂർച്ച.
“”അത് നെറഞ്ഞത് കണ്ട് എട്ത്ത് കളഞ്ഞതാ””
“”നിന്നോട് എത്ര പ്രാവിശ്യം പറഞ്ഞതാ ചോദിക്കാണ്ട് ഒന്നും കളയര്തൂന്ന്…. വേണ്ടാന്ന് പറഞ്ഞ് ചവറ്റ് കുട്ടയിലിട്ടാലും ചെലപ്പോ പിന്നേം എനിക്ക് വേണ്ടി വരും..ഇനി ഇപ്പോ ഞാനത് എവ്ടെ പോയ എട്ക്കേണ്ടേ…””ഇടക്ക് ദേഷ്യം കൊണ്ട് ഭ്രാന്തനെ പോലെ മുടിയിൽ പിടിച്ചു വലിച്ചു.മേശയിൽ ചിതറി കിടന്ന പുസ്തകളും കടലാസുകളും ഒന്നു കൂടി നിലത്തേക്ക് വലിച്ചെറിഞ്ഞു.
“”എത്ര പറഞ്ഞാലും മനസിലാവാത്ത ജന്മം..ഏതു നേരത്താണോ..ഓരോന്നിനെ തലേലെട്ത്ത് വെക്കാൻ തോന്നിയത്””അവന്റെ പുലമ്പലുകൾ കണ്ണുകൾ ഇറുകി അടച്ച് കേട്ട് നിന്നു അവൾ.കട്ടിലിന്റെ കാലിന് അടുത്തായി വെച്ച പാതി കാലിയായ ബ്രാണ്ടി കുപ്പി വീണ്ടും വായിലേക്ക് കമഴ്ത്തി.””പോയി..എട്ത്തോണ്ട് വാടീ അത്..”” കുഴഞ്ഞ ശബ്ദത്തിലതും പറഞ്ഞ് സിദ്ധു കട്ടിലിലേക്ക് വീണു.
“”ചുറ്റി കൂട്ടിയെറിഞ്ഞ ആ കടലാസ് പോലെ എന്നേം എന്റെ സ്നേഹത്തേം എപ്പേഴേലും തിരിച്ചെട്ക്ക്വോ സിദ്ധ്വേട്ടാ..””ഏങ്ങലുകൾ കൊണ്ട് വാക്കുകൾ പലതും അവ്യക്തമായിരുന്നു.
ഒരു മയക്കം വിട്ടെഴുന്നേറ്റപ്പോഴും മദ്യത്തിന്റെ ചുവയും ഗന്ധവും അപ്പോഴും അവനിലുണ്ടായിരുന്നു.””ചുറ്റി കൂട്ടിയെറിഞ്ഞ ആ കടലാസ് പോലെ എപ്പോഴെങ്കിലും എന്നേം എന്റെ സ്നേഹത്തേം തിരിച്ചെട്ക്ക്വോ സിദ്ധേട്ടാ..””വീണ്ടുമാ തേങ്ങൽ അവന്റെ കാതിൽ മുഴങ്ങി.കൈക്കുള്ളിൽ മുഖം പൂഴ്ത്തിയിരുന്നു.പിന്നേം ആ ചോദ്യം മുഴങ്ങി.
മുറിയൊക്കെ വൃത്തിയാക്കിയിരിക്കുന്നു.വലിച്ചെറിഞ്ഞ പുസ്തകങ്ങളും കടലാസുമെല്ലാം എല്ലാം അടുക്കി വെച്ചിരിക്കുന്നു.അതിൽ നിന്നെല്ലാം മാറി മേശയിൽ ഒരു കടലാസിൽ പേപ്പർ വൈറ്റ് എട്ത്തു വെച്ചിരിക്കുന്നു.എത്ര നിവർത്തിയിട്ടും അതിലെ ചുളിവുകൾ പോയിട്ടില്ല. മുകളിൽ പ്രണയം എന്നെഴുതി അടിവരയിട്ടിരിക്കുന്നു.ഒരുപാട് തിരുത്തലുകൾ അവസാനം ഒന്നും ശരിയാവാഞ്ഞപ്പോൾ കുത്തി വരച്ചിട്ട വരകൾ ഉണ്ടതിൽ.ചിലയിടത്ത് പേനത്തുമ്പ് കൊണ്ട് പോറീണ്ടുണ്ട്.
നേരെ അടുക്കളയിൽ പോയി നോക്കി.ലൈറ്റ് ഓഫായിരിക്കുന്നത് കണ്ട് റൂമിൽ പോയി.അവന്റെ നിശ്വാസം പിൻ കഴുത്തിൽ പതിച്ചപ്പോൾ കണ്ണുകളടച്ച് നിന്നു അവൾ . “” ജാനീ….””
“”സോറി മോളേ…”” കഴുത്തിലൂടെ ചുറ്റി പിടിച്ച് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് അത് പറഞ്ഞപ്പോഴേക്കും വിതുമ്പലുകൾ പുറത്തേക്ക് വന്നിരുന്നു.തിരിഞ്ഞ് നിന്നു അവന്റെ നെഞ്ചിൽ സങ്കടമത്രേം ഒഴുക്കി കളഞ്ഞു.ഏങ്ങലുകൾ പതിയെ നേർത്ത് നേർത്ത് ഇല്ലാതായപ്പോൾ ഇരു കൈകൾ കൊണ്ടും അവളുടെ മുഖം പിടിച്ചുയർത്തി.
“”മതി…കരഞ്ഞത് “”ആർദ്രമായി പറഞ്ഞു കൊണ്ട് അവൻ കണ്ണീർ തുടച്ചതും വീണ്ടും കണ്ണു നിറച്ച് മുഖം നെഞ്ചിലൊളിപ്പിച്ചു.സിദ്ധു പതിയെ മുടിയിൽ തലോടി.
“”ജാനീ…””
“”മ്ഹ്…..””
“”മതിയെടാ…””അവളുടെ പുറത്ത് പതിയെ തട്ടികൊണ്ട് പറഞ്ഞു.
“”എന്തിനാ സിദ്ധ്വേട്ടാ…ഇങ്ങെനൊക്കെ….. സിദ്ധ്വേട്ടൻ സ്നേഹത്തോടെ ഒന്നു മിണ്ടീട്ട് എത്ര നാളായി..””അവന്റെ നെഞ്ചിലെ രോമങ്ങൾക്കിടയിൽ വിരലുകൾ ഉരച്ചുകൊണ്ട് ചോദിച്ചു.””ഇനി സിദ്ധു കുടിക്കില്ല..ജാനീ…ഇന്നത്തേത് അവസാനത്തേതാ..ഇനിയാ സാധനം കൈയോണ്ട് തൊടില്ല..””ജാനി മുഖം ഉയർത്തി കൂർമിച്ച് നോക്കി.
“”സത്യാണ് പെണ്ണേ…എന്നെത്തേയും പോലെ വെറും വാക്കല്ല..ഇനി സിദ്ധു കള്ള് കൈയോണ്ട് തൊടില്ല…നീയാ…ആല്ലേ വേണ്ടാ ഞാനാണേ…സത്യം ..പോരെ…ഇനി എന്റെ പെണ്ണ് ചിരിച്ചേ..””അവളുടെ ചുണ്ടുകൾ ഇരുവശത്തേക്കും വലിച്ചു.അവൾ വെറുതേ ഒന്നു ചിണുങ്ങി അവനോട് പറ്റിച്ചേർന്നു നിന്നു.
“”ഞാനൊന്നു കുളിച്ചിട്ട് വരട്ടെ..ബ്രാണ്ടീടെ മണം ഇപ്പോഴും ഉണ്ട്””അവളിൽ നിന്നും അകന്നു മാറാൻ നോക്കവേ അവന്റെ ബനിയനിൽ കൈ ചുരുട്ടി പിടിച്ചു””എവ്ടേം പോണ്ട…സിദ്ധ്വേട്ടൻ പിന്നേം കുടിക്കും””.
“”നിനക്കീ മണം പ്രശ്നമല്ലേ പിന്നെ എനിക്കെന്താ പ്രശ്നം””അവളെ ഒന്നു കൂടി ചേർത്തു പിടിച്ചവൻ കുസൃതിയോടെ പറഞ്ഞതും അവൾ പിടഞ്ഞുമാറാൻ നോക്കി.നെഞ്ചിലേക്ക് ഒതുക്കി നിർത്തി ആ പിടച്ചിൽ നിർത്തിച്ചു.ജാനീടെ കഴുത്തിൽ മുഖം പൂഴ്ത്തി നിന്നു.അവനിൽ നിന്നും അകലുമ്പോൾ കവിളിൽ ഇരമ്പിയെത്തിയ ചോരചുവപ്പ് അവൻ കാണാതിരിക്കാനെന്നോണം തല കുനിച്ചു.
“”നേരത്രയായി ഉറങ്ങണ്ടേ…””രണ്ടു കൈകളിലേയും വിരലുകളിൽ വിരൽ ചേർത്തു കൊണ്ട് പറഞ്ഞു.അവളേയും ചേർത്ത് കട്ടിലേക്ക് ചാഞ്ഞു.അവന്റെ
വിരലുകളും ചുണ്ടും കുസൃതികളും കുസൃതി കാണിക്കാൻ തുടങ്ങിയപ്പോൾ സീൽക്കാരത്തോടെ അവളിലെ പെണ്ണും ഉണർന്നു.
പക്ഷെ….തലച്ചോറിലെ ഞരമ്പുകളിൽ നിന്ന് ആരംഭിച്ച വിറയൽ വിരൽത്തുമ്പിൽ എത്തിയപ്പോൾ അവന്റെ സിരകളിൽ നിറഞ്ഞ വികാരം വിറങ്ങലിച്ചു.അവളിൽ നിന്നും മാറി കട്ടിലിൽ ചാരി കണ്ണടച്ചിരുന്നു.ജാനി എഴുന്നേറ്റ് മാറിലേക്ക് സാരിത്തലപ്പ് എടുത്തിട്ടു.അഴിഞ്ഞ മുടി ഉയർത്തി ചുറ്റിക്കെട്ടി. അവന്റെ വിയർത്ത ചുമലിൽ കൈ വച്ചു.
“”പറ്റുന്നില്ല…ജാനീ…ഒന്നിനും..കള്ളെന്നെ കുടിച്ച് തൊടങ്ങിയിരിക്കുന്നു””അവനെ ബലമായി പിടിച്ച് അവളുടെ മടിയിൽ കിടത്തി.””സാരല്ല””നെറ്റിയിലെ മുടിയിഴകൾ വകഞ്ഞു മാറ്റി കൊണ്ട് പറഞ്ഞു.പതിയെ ചുണ്ടുകളമർത്തി.ഏറെ നേരം അങ്ങനെ തന്നെ നിന്നു.അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.അവളുടെ മുഖം കൈകൾ കൊണ്ട് അടർത്തി മാറ്റി.
“”ഞാൻ എഴുത്ത് മുറീലുണ്ടാവും””കണ്ണുകൾ അമർത്തി തുടച്ച് അവളെ നോക്കാതെ അതും പറഞ്ഞ് അവൻ പുറത്തേക്ക് നടന്നു.എഴുത്ത് മുറിയിൽ കട്ടിലിനടിയിൽ വെച്ച കുപ്പി കുനിഞ്ഞ് കൈയെത്തി എടുത്തു.വിറയ്ക്കുന്ന കൈയോടെ അത് വായിലേക്ക് ചെരിച്ചു.
“”സിദ്ധ്വേട്ടാ…””വലിച്ചു വാരിയിട്ട ആ എഴുത്തുമുറിയിൽ അവനില്ലായിരുന്നു.എല്ലായിടത്തും “”സിദ്ധ്വേട്ടാ””ന്നു വിളിച്ചു നടന്നു.കാത്തിരിന്നു അവൻ വരുന്ന ദിവസത്തിനായി.ഒരോ ശബ്ദവും അവനാണെന്നു തോന്നി.ഓരോ വണ്ടിയുടേയും ശബ്ദം കേൾക്കുമ്പോൾ വേലിക്കലിൽ ഓടി പോയി നോക്കി””ജാനീ””എന്നവൻ വിളിക്കുന്നത് പോലെ തോന്നിയപ്പോഴൊക്കെ തപ്പിത്തടഞ്ഞ് അവൾ ഇറയത്തേക്ക് ഓടി.വെറ്തേയാ….വെറും തോന്നൽ. പൊള്ളിച്ചും തണുപ്പിച്ചും ഋതുക്കൾ മാറി മറഞ്ഞു കൊണ്ടിരുന്നു.
“”ജാനീ നിന്നെ കൊണ്ടാവാനാ ഞാൻ വന്നേ..ഇങ്ങനെ അവനേം നോക്കിയിരിക്കാൻ തൊടങ്ങീട്ട് നാളെത്രയായി…നീ ചെറുപ്പാണ്””
“‘സിദ്ധ്വേട്ടൻ വരും അച്ഛാ…””
“”എപ്പോ വരാണ് കുട്ടീ …ഒരു വാക്ക് പോലും പറയാണ്ട് പോയതല്ലേ…എന്റെ കൂടെ വരണം നീ”‘
ഒന്നും പറയാതെ അടുക്കളയിൽ കൂനിയിരുന്നു.”‘സിദ്ധ്വേട്ടൻ വരും”
പുറത്ത് സിദ്ധ്വേട്ടന്റെ അച്ഛനോട് കലഹിക്കുന്ന ആച്ഛന്റെ ശബ്ദം കേട്ടു.ഒന്നും ചിന്തിക്കാതെ മോളുടെ പ്രണയത്തിന് കുട പിടിച്ചു പോയ നിമിഷത്തെ പഴിക്കുന്ന കേട്ടു.ഇനി ഇങ്ങോട്ടില്ലെന്നു പറഞ്ഞ് നടന്നകലുന്നു പോവുന്നത് കേട്ടു
എന്തിനാ മോളേ എപ്പോഴും ഈ മുറിയിങ്ങനെ വൃത്തിയാക്കുന്നേ….
മുറിയാകെ പൊടി പിടിച്ച് കെടക്ക്വാ അച്ഛാ…എഴുത്തുമുറി വൃത്തികേടായി കണ്ടാ സിദ്ധ്വേട്ടൻ വരുമ്പോ എന്നെയാവും ചീത്ത പറയ്യാ…
എഴുത്തുമുറി പിന്നേയും വൃത്തിയാക്കി കൊണ്ടിരുന്നു
പുറത്ത് അച്ഛന്റെ ശബ്ദം ഉയർന്നു കേൾക്കുന്നു.ഇടക്ക് സിദ്ധ്വേട്ടന്റെ ശബ്ദം കേട്ട പോലെ.ഓടി പോയില്ല.ധൃതി പിടിച്ച കാലൊച്ച അടുത്തടുത്തു വന്നിട്ടും അടുപ്പിലെ തീയിലേക്ക് നോക്കി ബോധം നഷ്ടപ്പെട്ടവളെ പോലെ നിന്നു.
“”ജാനീ..””
“”എന്നെ ഒന്നു നോക്ക് ജാനീ”” എത്ര വിളിച്ചിട്ടും അവനെ നോക്കാതായപ്പോ കേഴും പോലെ പറഞ്ഞു. പിൻ കഴുത്തിൽ പിടിച്ച് അവന്റെ നെഞ്ചിലേക്ക് അവളുടെ മുഖം അമർത്തി.””നിന്നെ വേണ്ടാഞ്ഞിട്ട് പോയതല്ല..നിന്റെ മുന്നിൽ നിന്നെ തൃപ്തിപ്പെടുത്താൻ പോലും കഴിയാത്ത ഒരു കഴിവ് കെട്ടവനായി നിൽക്കാൻ വയ്യായിരുന്നു..ആണത്തമില്ലാത്തവ…””
അവൻ പറഞ്ഞ് മുഴുവിക്കുമ്പോഴേക്കും അവനെ ആഞ്ഞു തള്ളി.
“”ഇത്രേം കാലം ഞാൻ കരഞ്ഞു തീർത്തത് ന്റെ കാമമല്ല ന്റെ വിരഹാ..””അലറി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു.
“”ജാനീ..മോളേ…””
ഇത്രേം വെല്യ എഴ്ത്തുകാരാനായിട്ടും എന്താ സ്നേഹംന്നു പോലും നിങ്ങൾക്കറീലേ…അതോ എന്റെ ശരീരം മാത്രാണോ നിങ്ങൾ ആഗ്രഹിച്ചേ…അതോ സിദ്ധ്വേട്ടന്റെ ശരീരം മാത്രം ആഗ്രഹിച്ച പെണ്ണായിട്ട് മാത്രാണോ സിദ്ധ്വേട്ടൻ എന്നെ കണ്ടേ…പറയ് സിദ്ധ്വേട്ടാ…പറയ് അവന്റെ കൈകളിൽ പിടിച്ച് ഉലച്ചു.
“”ജാനീ….”” അവന്റെ നെഞ്ചിനെ കുത്തിത്തുളക്കും പോലായിരുന്നു അവളുടെ വാക്കുകൾ.ദേഷ്യവും സങ്കടവും കാരണം അവളുടേതു പോലെ അവന്റെ ചുണ്ടുകളും വിറക്കാൻ തുടങ്ങി.
വിട്ടേക്ക് സിദ്ധ്വേട്ടാ..വെറ്തേ വിട്ടേക്കെന്നെ…സിദ്ധ്വേട്ടന് വേണ്ടപ്പോ ജാനിയാവാനും അല്ലാത്തപ്പോ ജാനകിയാവാനും ഇനി വയ്യെനിക്ക്..അല്ലേലും അന്ന് ഒരു വാക്കു പോലും പറയാണ്ട് ഇവ്ടുന്ന് സിദ്ധ്വേട്ടൻ ഇറങ്ങിപ്പോയ ദിവസം തന്നെ ജാനി ചത്തുപ്പോയി സിദ്ധ്വേട്ടാ…
വിട്ടേക്ക്…..ആടി തളർന്നവളെ പോലെ അടുക്കള പടിയിൽ ഊർന്നിറങ്ങി എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു.ജാനീ….
“”വിട്ടേക്ക് സിദ്ധ്വേട്ടാ…””കൈകൂപ്പി കൊണ്ടവൾ പറഞ്ഞതും കൂപ്പിയ കൈകളിൽ പിടിച്ചു നെഞ്ചിലേക്ക് അടുപ്പിച്ചു.
“”ഈ ഒരു പ്രാവിശ്യം കൂടി..നീ എന്നെ വിശ്വസിക്ക് ജാനീ..””””ഒരു അവസരം കൂടി നീ തരില്ലേ..ജാനീ…നിന്റെ സിദ്ധ്വേട്ടന്””അവളുടെ മുഖം കൈക്കുമ്പിളിലാക്കി അവനത് ചോദിക്കുമ്പോൾ ഇരുവരും കരയുകയായിരുന്നു.
ജാനീ…നിന്റെ സിദ്ധ്വേട്ടനല്ലേ..പൊറുത്തേക്കെടീ…അവളുടെ കണ്ണിൽ നിന്നും വീണ കണ്ണീർ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു.””അറ്യാം …തെറ്റാ ചെയ്തേന്നു…തിരുത്താനും പറ്റില്ലാന്നറിയാം..ഒരു അവസരം അത് മാത്രേ ഞാൻ ചോദിക്കുന്നുള്ളു ജാനീടെ ആ പഴയ സിദ്ധ്വേട്ടൻ ആവാൻ..ചേർത്തു പിടിച്ചോളാം ഇങ്ങനെ.. മരണം കൊത്തി കൊണ്ടു പോവും വരെ””
പ്ലീസ് ജാനീ….
“”ജാനീ….””രാത്രിയിൽ സീറോ വോൾട്ട് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ അവന്റെ മാറിൽ മുഖം പൂഴ്ത്തി കിടന്ന അവളുടെ ചെവിയിൽ പതിയെ വിളിച്ചു
ന്നോട് മിണ്ടല്ലേ സിദ്ധ്വേട്ടാ..ഞാനിങ്ങനെ വെറ്തേ കൊറച്ച് സമയം കെടന്നോട്ടേ…മുഖം ഉയർത്താതെ അവന്റെ ചുണ്ടുകൾ പരതി പിടിച്ച് കൈ ചുണ്ടിൽ വെച്ച് അവനെ തടഞ്ഞു.അഴിഞ്ഞു കിടന്ന അവളുടെ മുടി കോതിയൊതുക്കി കൊണ്ട് അവളെ തന്നെ നോക്കിയിരുന്നു.നെഞ്ചിൽ തല വെച്ച് കിടന്ന അവളെ ചേർത്തണച്ച് കിടന്നു.കണ്ണുകളടച്ച് കിടന്ന അവളെ മതിവരാത്തതു പോലെ ഉറങ്ങാതെ നോക്കി കിടന്നു.
ജാനീ…അനന്തശയനം പൂത്തൂന്ന് തോന്നുന്നു..കാണാൻ പോവാം..മൂക്ക് വിടർത്തി കൊണ്ടവൻ പറഞ്ഞു.നെഞ്ചിൽ പറ്റിച്ചേർന്നു കിടന്ന അവളെ കൈകളിൽ കോരിയെടുത്ത് പുറത്തേക്ക് നടന്നു.അപ്പോഴും അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു.