കണ്ണേട്ടന്റെയും എന്റെയും പ്രണയ വിവാഹമായിരുന്നു.. ഒന്നും രണ്ടും വർഷം അല്ല നീണ്ട 8 വർഷങ്ങൾ

(രചന: ഗായത്രി വിനോദ്)

അമ്മ

കണ്ണേട്ടന്റെയും എന്റെയും പ്രണയ വിവാഹമായിരുന്നു.. ഒന്നും രണ്ടും വർഷം അല്ല നീണ്ട 8 വർഷങ്ങൾ ഞങ്ങൾ പരസ്പരം മത്സരിച്ചു പ്രണയിച്ചു.. പ്രണയിച്ചു നടന്നപ്പോൾ ഞങ്ങൾക്കിടയിൽ ആരുമില്ലായിരുന്നു അച്ഛനമ്മമാര് ഇല്ലായിരുന്നു സമൂഹമില്ലായിരുന്നു സുഹൃത്തുക്കളില്ലായിരുന്നു ഞങ്ങൾ മാത്രം.. കല്യാണസമയം ആയപ്പോൾ എന്റെ വീട്ടിൽ ആലോചനകളുടെ ബഹളമായിരുന്നു.. ഒരിക്കൽ എന്നോട് ഒന്നും ആലോചിക്കാതെ ഒരു പയ്യനും കൂട്ടരും അച്ഛന്റെ ഇഷ്ട്ടപ്രകാരം വീട്ടിൽ പെണ്ണ്കാണാൻ വന്നു.. അന്ന് ഞാൻ അവരുടെ മുൻപിൽ വച്ച് അച്ഛനോട് പറഞ്ഞു എനിക്ക് ആരെയും കല്യാണം ആലോചിക്കേണ്ട എനിക്ക് ഒരാളെ ഇഷ്ടം ആണെന്ന്.. ഏട്ടൻ പെട്ടന്നു ദേഷ്യത്തിൽ തല്ലാൻ ഓങ്ങിയെങ്കിലും അച്ഛൻ തടഞ്ഞു..

എന്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ടുനിക്കാറുള്ള അച്ഛൻ കണ്ണേട്ടനോട്‌ വീട്ടുകാരെകൂട്ടി പെണ്ണുകാണാൻ വരാൻ പറഞ്ഞു.. അങ്ങനെ പെണ്ണുകാണലും കാര്യങ്ങളും ഒക്കെ കഴിഞ്ഞു കല്യാണവും ഉറപ്പിച്ചു.. അമ്മയ്ക്കും ഏട്ടനും ഒന്നും ഈ ബന്ധത്തിൽ വലിയ താത്പര്യം ഇല്ലായിരുന്നു.. അച്ഛൻ എന്റെ കൂടെ തന്നെ നിന്നു..

കല്യാണംകഴിഞ്ഞ നാളുകളിൽ എല്ലാവർക്കും അസൂയ തോന്നുന്നപോലെ ആയിരുന്നു ഞങ്ങളുടെ ജീവിതം.. കണ്ണേട്ടന്റെ അച്ഛനും അമ്മയും എല്ലാവരും അങ്ങനെ തന്നെ നല്ല സ്നേഹമായിരുന്നു എന്നോട്.. അവർക്ക് മകളായി തന്നെ ഞാൻ അവരുടെ കൂടെ നിന്നു.. ആദ്യത്തെ രണ്ടുകൊല്ലം ആയിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നപ്പോൾ ബന്ധുക്കളും കൂട്ടുകാരും ഒക്കെ ചോദിക്കാൻ തുടങ്ങി.. നിങ്ങൾ ഇപ്പോൾ വേണ്ട എന്നു വച്ചിരിക്കുകയാണോ?? ഹോസ്പിറ്റലിൽ ഒന്നു കാണിച്ചു നോക്കു.. അങ്ങനെ ഉപദേശങ്ങളും ചോദ്യങ്ങളും കൊണ്ടു വീർപ്പുമുട്ടി..

പതിയെ പതിയെ കണ്ണേട്ടന്റെ അമ്മയും കുഞ്ഞിനെ പറ്റിയുള്ള ചോദ്യം തുടങ്ങി.. പിന്നീട് എന്നോട് ചെറിയ അകൽച്ച കാട്ടാനും തുടങ്ങി.. കണ്ണേട്ടനോട്‌ പറഞ്ഞപ്പോൾ പറഞ്ഞു അതുപിന്നെ അവർ ചോദിക്കുന്നതിലും കാര്യമില്ലേ.. എനിക്കും കൊതിയായി ഒരു കുഞ്ഞിനെ കൊഞ്ചിക്കാൻ.. നിനക്ക് എന്തെങ്കിലും പ്രശനം ഉണ്ടോ സത്യത്തിൽ..

ആ ചോദ്യം എന്റെ ഹൃദയതെ നുറുക്കി.. ഞാൻ ഒന്നും മിണ്ടാതെ കട്ടിലിന്റെ ഒരു വശത്തു കിടന്നു.. സാധാരണ എന്തെങ്കിലും പിണക്കം ഉണ്ടായാൽ അതുമാറ്റാൻ എന്തും ചെയ്യാൻ തയ്യാറാകുന്ന കണ്ണേട്ടൻ എന്നെ അന്ന് തിരിഞ്ഞ്പോലും നോക്കിയില്ല..

അടുത്ത ദിവസം രാവിലെ നേരത്തെ എഴുന്നേറ്റു വീട്ടുജോലികൾ തീർത്തു ഞാൻ റെഡിയായി നിന്നു.. കണ്ണേട്ടൻ ഉണർന്നപ്പോൾ തന്നെ പറഞ്ഞു നമ്മുക്ക് ഒരു ഡോക്ടറിനെ കൺസൽട്ട് ചെയ്യാം കണ്ണേട്ടാ ഇന്നു തന്നെ ഹോസ്പിറ്റലിൽ പോകാം.. അതു കണ്ണേട്ടനും സമ്മതിച്ചു..

ഹോസ്പിറ്റലിൽ നിന്നും റിസൾട്ട്‌ എല്ലാം വരുന്ന ദിവസം എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ചു ഞങ്ങൾ ഇറങ്ങി.. പക്ഷേ ഡോക്ടർ പറഞ്ഞു എനിക്ക് ഒരിക്കലും അമ്മയാകാൻ കഴിയില്ല എന്ന്.. അപ്പോൾ തന്നെ ഭൂമി പിളർന്നു താഴേക്ക് പോയാൽ മതിയെന്ന് തോന്നിപ്പോയി.. തിരികെ വരുമ്പോൾ ഞാൻ കരഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു.. പക്ഷേ ഒരു വാക്ക് കൊണ്ടു പോലും എന്റെ കണ്ണേട്ടൻ എന്നെ സമാധാനിപ്പിച്ചില്ല..

വീട്ടിൽ വന്നയുടൻ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ കണ്ണേട്ടൻ അമ്മയെ അറിയിച്ചു.. അവർ എന്നോട് ഒന്നു സംസാരിക്കാൻ പോലും തയ്യാറായില്ല.. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയില്ല.. ആരും അന്വേഷിച്ചുമില്ല.. വൈകുന്നേരം അടുക്കളയിൽ ചെന്നപ്പോൾ അമ്മ ഉറക്കെ ആരോടെന്നില്ലാതെ പറയുകയാണ്.. എല്ലാം അറിഞ്ഞു വച്ച് എന്റെ മകനെ പറ്റിക്കുകയായിരുന്നു.. ആരും കൊണ്ടുപോകാത്ത ഈ മച്ചിയെ എന്റെ മകന്റെ തലയിൽ തള്ളയും തന്തയും കെട്ടിവച്ചു.. നാശം.. എല്ലാം കേട്ടിരുന്നത് അല്ലാതെ എന്റെ കണ്ണേട്ടൻ ഒന്നും പറഞ്ഞില്ല.. ഞാൻ അപ്പോൾ തന്നെ റൂമിലേക്ക് പോയി..

കണ്ണേട്ടൻ ഒരുപാട് വൈകിയാണ് റൂമിലേക്ക് വന്നത്.. ഞാൻ പറഞ്ഞു കണ്ണേട്ടാ നമ്മുക്ക് ഒരു കുഞ്ഞിനെ ദത്ത്‌ എടുത്താലോ..
ദത്തെടുത്ത് രണ്ടാളും കൂടി നിന്റെ വീട്ടിൽ പൊയ്ക്കോ. ഇവിടെ കണ്ടേക്കരുത്.. കണ്ണേട്ടന്റെ മുഖം കണ്ടു ഞാൻ പേടിച്ചുപോയി.. അതുപോലെ ദേഷ്യപ്പെട്ടു.. എങ്കിൽ നമ്മുക്ക് ഒരു ഗർഭപാത്രം വാടകക്ക് എടുക്കാം കണ്ണേട്ടാ..

അമ്മയാകണമെങ്കിൽ 10 മാസം ചുമ്മന്നു വേദന അറിഞ്ഞു കുഞ്ഞുണ്ടാകണം.. കേട്ടോടി മച്ചി.. എനിക്ക് ഇപ്പോൾ നല്ല സംശയം ഉണ്ട് നീ എന്നെ പറ്റിച്ചതാണോ എന്ന്..

ആ വാക്കുകൾ എന്നെ ഇല്ലാതെയാക്കി.. ഇല്ല ഒരിക്കലും എന്റെ കണ്ണേട്ടൻ എന്നോട് ഇങ്ങനെയൊന്നും പറയില്ല.. കണ്ണേട്ടാ എന്നുപറഞ്ഞു ഞാൻ അദേഹത്തിന്റെ പുറകിലൂടെ ചെന്നു പുണർന്നു.. അദ്ദേഹം എന്നെ ഒരു ദയവുമില്ലാതെ തട്ടിമാറ്റി..

എനിക്കു എന്റെ കണ്ണേട്ടനെ പിരിയാൻ ഒരിക്കലും സാധിക്കുമായിരുന്നില്ല.. പക്ഷേ നിരന്തരമുള്ള അവഗണനകളും കുത്തുവാക്കുകളും എന്നെ ആ തീരുമാനത്തിൽ എത്തിച്ചു.. ഞാൻ വീട് വിട്ടിറങ്ങി.. അച്ഛനും അമ്മയും ഏട്ടനും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് അവർക്ക് ഭാരമായി പോകാൻ എനിക്ക് സാധിക്കില്ലായിരുന്നു.. അവർ നിർബന്ധിച്ചിട്ടും പോയില്ല.. ടൗണിൽ തന്നെ ഒരു ജോലി കണ്ടെത്തി.. ഒരു പ്രായമായ അച്ഛനും അമ്മയും ഉള്ള വീട്ടിൽ പേ ഇൻ ഗസ്റ്റ് ആയിട്ട് താമസം ആരംഭിച്ചു.. ഉഭയ സമ്മത പ്രകാരം ആയതുകൊണ്ട് പെട്ടന്ന് ഡിവോഴ്സ് കിട്ടി.. അന്നത്തെ ദിവസത്തെ കണ്ണേട്ടന്റെ സന്തോഷം ഇപ്പോഴും ഉള്ളം പൊളിക്കും.. എന്റെ കണ്ണേട്ടൻ എങ്ങനെ ഇത്രെയും മാറി.. എന്നെ കുഞ്ഞു എന്ന് വിളിച്ചിരുന്ന കണ്ണേട്ടൻ കുഞ്ഞുണ്ടാകാത്തപേരിൽ എന്നെ തള്ളി കളഞ്ഞു.. പലരുടെയും കണ്ണിൽ അതു ശരി ആയിരുന്നു പക്ഷേ..

ഇടയ്ക്കു അച്ഛനും അമ്മയും വന്നു വീട്ടിലേക്ക് വിളിക്കും.. പോകാൻ ഒരിക്കലും തോന്നിയില്ല.. അങ്ങനെ ആർക്കും വേണ്ടാതെ ആർക്കുവേണ്ടിയും അല്ലാതെ ജീവിതം തള്ളിനീക്കി..

അങ്ങനെഇരിക്കുമ്പോഴാണ് ഏട്ടൻ ഒരു ആലോചനയുമായി വരുന്നത്.. ഏട്ടത്തിയുടെ ഒരു അകന്ന ബന്ധുവാണ്.. ഭാര്യ മരിച്ചു 3 കൊല്ലമായി.. മക്കൾ ഉണ്ട് ഇരട്ട പെൺകുട്ടികൾ.. അവർക്ക് 2 വയസ്സുള്ളപ്പോൾ മഞ്ഞപ്പിത്തം വന്നു
മരിച്ചതാണ് അയാളുടെ ഭാര്യ .. ആളുടെ അമ്മക്ക് വയ്യാതെ ആയതുകൊണ്ട് കുഞ്ഞുങ്ങൾക്ക് ഒരു അമ്മ വേണമെന്ന് അയാൾക്ക് ഇപ്പോൾ തോന്നുന്നുവെന്ന്.. ഏട്ടത്തി അറിഞ്ഞപ്പോൾ ഏട്ടനോട് എന്റെ കാര്യം പറഞ്ഞു.. പക്ഷേ ഞാൻ സമ്മതിച്ചില്ല.. പേറ്റ് നോവറിയാതെ അമ്മ ആകില്ല എന്നല്ലേ കണ്ണേട്ടൻ പറഞ്ഞത്.. അതു മാത്രമല്ല എന്റെ കണ്ണേട്ടന്റെ സ്ഥാനത്തു വേറെ ആരെയും കാണാൻ എനിക്ക് ഒരിക്കലും കഴിയില്ല.. ഞാൻ ഏട്ടനെ തിരികെ പറഞ്ഞയച്ചു..

ഒരു ദിവസം ജോലി കഴിഞ്ഞു തിരികെ വരുമ്പോൾ ഗേറ്റിന്റെ അടുത്ത് ഒരു സുമുഖനായ ചെറുപ്പക്കാരൻ നിൽക്കുന്നു.. പരിചയമില്ലാത്ത ആളായത് കൊണ്ട് അകത്തേക്ക് നടന്നു.. അപ്പോഴാണ് ലക്ഷ്മി എന്നു വിളിക്കുന്നത്.. ഞാൻ തിരിഞ്ഞു നിന്നു സംശയത്തോടെ നോക്കി..

എന്റെ പേര് വിഷ്ണു.. ലക്ഷ്മിയുടെ ഏട്ടനും ഏട്ടത്തിയും പറഞ്ഞിട്ടുണ്ടാവും എന്നെപ്പറ്റി.. തന്നെ കാണാൻ വരാനിരുന്നതാ പക്ഷേ തന്റെ ഏട്ടൻ വിളിച്ചു പറഞ്ഞു തനിക്ക് താത്പര്യം ഇല്ലാ എന്ന്.. കൂടെ തന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു..

എന്റെ മക്കളെ നോക്കാൻ മാത്രം ഒരാളായിട്ടല്ല ഞാൻ എന്റെ ജീവിതത്തിലേക്ക് വിളിക്കുന്നത്.. എന്റെ ഭാര്യ ആയിട്ട് എനിക്ക് ഒരു കൂട്ടായിട്ടാണ് എന്റെ വിഷമങ്ങൾ കേൾക്കാൻ ഒരാളായിട്ട്.. കൂടെ എന്റെ കുഞ്ഞുങ്ങളുടെ അമ്മ ആയിട്ടും.. തനിക്ക് അറിയാല്ലോ പെൺകുട്ടികൾക്ക് എപ്പോഴും അച്ഛനെക്കാളും അമ്മയുടെ കരുതലും സ്നേഹവും ആണ് ആവശ്യം പല സന്ദർഭങ്ങളിലും.. എനിക്ക് ചിലപ്പോൾ വേറെ ഒരു പെൺകുട്ടിയെ കിട്ടുമായിരിക്കും പക്ഷേ എനിക്ക് തോന്നുന്നു എന്റെ മക്കളെ സ്നേഹിക്കാൻ തനിക്ക് പറ്റുന്നപോലെ ആർക്കും കഴിയില്ല എന്ന്.. താൻ എന്റെ മക്കളെ ഒന്നുകണ്ടു നോക്ക് അവരോട് ഒന്നു സംസാരിച്ചു നോക്ക്.. എന്നിട്ടും ഈ അഭിപ്രായം ആണെങ്കിൽ വിട്ടേക്ക്..

എന്തോ അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ ആ അമ്മയില്ലാത്ത കുരുന്നുകളെ ഒന്നു കാണണം എന്ന് തോന്നി.. അടുത്ത ദിവസം തന്നെ ലീവ് എടുത്തു വീട്ടിൽ പോയി.. അവിടേക്ക് അവർ വന്നു.. ആ നിഷ്കളങ്കമായ മുഖങ്ങൾ കണ്ടപ്പോൾ തന്നെ ഓടി ചെന്നു രണ്ടാളെയും വാരി പുണർന്നു.. തിരിച്ചു അവരും എന്തോ മുന്ജന്മ ബന്ധം ഉള്ളവരെപോലെ എന്നോട് അടുത്തു..

ഇന്നു ഞാൻ എന്റെ വിഷ്ണുവേട്ടന്റെ അടുത്ത് ആ നെഞ്ചിൽ തലചായ്ച്ചു കിടക്കുമ്പോൾ ഞങ്ങളുടെ കുറുമ്പികൾ രണ്ടും എന്റെ തൊട്ടടുത്തു കിടപ്പുണ്ട്.. അവർക്കിപ്പോൾ അച്ഛനും വേണ്ട അച്ഛമ്മയും വേണ്ട എന്തിനും ഏതിനും അമ്മ മതി.. ഇടയ്ക്കു വിഷ്ണുവേട്ടൻ അതിനു കള്ളപിണക്കം കാണിക്കുമെങ്കിലും എനിക്ക് അറിയാം ആ ഉള്ളു മുഴുവൻ സന്തോഷമാണെന്ന്.. കണ്ണേട്ടൻ പറഞ്ഞ ഒരുകാര്യം തെറ്റാണെന്ന് എന്നിൽ കൂടി തന്നെ ഞാൻ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.. സ്വന്തം വയറ്റിൽ നിന്നും നൊന്തു പ്രസവിച്ചില്ലെങ്കിലും.. പെറ്റമ്മ അല്ലെങ്കിലും കുഞ്ഞുങ്ങളെ സ്നേഹിക്കാൻ അമ്മ മനസ്സ് മതി.. പെറ്റമ്മയോളം വരില്ല പോറ്റമ്മ എന്നൊക്കെ ചുമ്മാ പറയുന്നതാ.. അമ്മയാകാൻ മക്കളെ സ്നേഹിക്കാൻ കഴിയുന്ന ഒരു മനസ്സ് മതി

Leave a Reply

Your email address will not be published. Required fields are marked *